പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന നിലക്കുറിഞ്ഞികള്‍ മിഴിതുറന്ന് ഹൈറേഞ്ചിന്റെ മലനിരകളില്‍ വിസ്മയ വിരുന്നൊരുക്കിയിരിക്കുകയാണ്.
ഇടുക്കി: പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ നിന്ന് നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കണമെങ്കില്‍ കൊളുക്കുമലയില്‍ എത്തണം. സമുദ്ര നിരപ്പില്‍നിന്ന് എണ്ണായിരം അടി ഉയരത്തിലുള്ള കൊളുക്കുമലയുടെ നെറുകയില്‍ വയലറ്റ് വസന്തം തീര്‍ത്ത് വിരിഞ്ഞ് നില്‍ക്കുന്ന നീലക്കുറിഞ്ഞികള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ച്ചയാണ്.
പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന നിലക്കുറിഞ്ഞികള്‍ മിഴിതുറന്ന് ഹൈറേഞ്ചിന്റെ മലനിരകളില്‍ വിസ്മയ വിരുന്നൊരുക്കിയിരിക്കുകയാണ്. പ്രളയക്കെടുതിയില്‍ വിനോദ സഞ്ചാര മേഖല പാടേ തകര്‍ന്നപ്പോള്‍ ഇടുക്കിക്ക് കരകയറുന്നതിനുള്ള വസസന്തകാലം കൂടിയാണ് ഇത്തവണ വിരുന്നെത്തിയിരിക്കുന്ന നീലക്കുറിഞ്ഞി.
മൂന്നാര്‍ രാജമലയിലും മറയൂര്‍ മല നിരകളിലും കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ കൊളുക്കുമലയിലും നീലക്കുറഞ്ഞികള്‍ വൂവിട്ടു നില്‍ക്കുകയാണ്. നീലക്കുറിഞ്ഞി വസന്തത്തിന്റെ വരവറിഞ്ഞ് നിരവധി സഞ്ചാരികളാണ് ഹൈറേഞ്ചിലേയ്ക്ക് എത്തുന്നത്. ഇതില്‍ പ്രകൃതി മനോഹാരിതയുടെ നടുവില്‍ നിന്ന് ഏറ്റവും ആസ്വാദ്യകരമായ കാഴ്ചയാണ് കൊളുക്കുമലയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യ നെല്ലിയില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊളുക്കുമലയില്‍ എത്തിച്ചേരാം. നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സഞ്ചാരികള്‍ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുമൂടിയ മലനിരകളും തമിഴ്‌നാടിന്റെ വിദൂര ദൃശ്യവും കൊളുക്കുമലയില്‍ നിന്നുള്ള മനോഹര കാഴ്ചയാണ്. മാത്രമല്ല ഉദയകാഴ്ചയും ഏറെ ആസ്വാദ്യകരമാണ്.