താമസം മണ്ണെടുത്ത കുഴികൾ, കതിരുകളും ചെടികളും ഒരു പോലെ നശിപ്പിച്ച് നീല കോഴികൾ, നെൽ കർഷകർക്ക് ആശങ്ക

By Web Team  |  First Published Feb 16, 2024, 12:51 PM IST

നഗരസഭയിലെ ഏറ്റവും വലിയ പാടശേഖരംകൂടിയാണ് കോട്ടാറ്റ് പാടശേഖരം. നീലകോഴികളുടെ ശല്യത്തെ തുടര്‍ന്ന് പല കര്‍ഷകരും കൃഷിയില്‍ നിന്നും പിന്‍മാറാനൊരുങ്ങുകയാണ്.


തൃശൂർ : നീലകോഴികളുടെ ശല്യത്തില്‍ പൊറുതിമുട്ടി ചാലക്കുടി കോട്ടാറ്റ് പാടശേഖരത്തെ കര്‍ഷകര്‍. കൂട്ടമായെത്തുന്ന നീലകോഴികള്‍ നെല്‍കതിരുകള്‍ നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. കോട്ടാറ്റ് പാടശേഖരത്ത് 150ഓളം ഏക്കര്‍ സ്ഥലത്ത് 70ല്‍പരം കര്‍ഷകരാണ് കൃഷിയിറക്കിയിട്ടുള്ളത്. കൊയ്ത്തിന് പാകമായ നെല്‍കതിരുകളാണ് ഇവ നശിപ്പിക്കുന്നത്.

നെല്‍കതിരുകള്‍ തിന്നും ചെടികള്‍ ഒടിച്ചിട്ടും ഇവ കനത്ത നാശമാണ് വരുത്തിവയ്ക്കുന്നത്. പല കര്‍ഷകരും നീലകോഴികളെ ഓടിക്കാനായി തൊഴിലാളികളെ കൃഷിയിടത്ത് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ നീലകോഴികളെത്തി കൃഷി നശിപ്പിക്കുന്നുണ്ട്. ഓട്ടുകമ്പനികള്‍ക്കായി പാടശേഖരത്ത് നിന്നും മണ്ണെടുത്ത വലിയ കുഴികളാണ് നീലകോഴികളുടെ താവളം. നൂറുകണക്കിന് നീലകോഴികളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.

Latest Videos

undefined

നീലകോഴികളെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും ബന്ധപ്പെട്ടവര്‍ ചെവികൊള്ളുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കടമെടുത്തും ലോണെടുത്തും കൃഷിയിറക്കിയ കര്‍ഷകർ നീലകോഴികളുടെ ശല്യം മൂലം കടക്കെണിയിലാമെന്ന ആശങ്കയിലാണുള്ളത്. മുന്‍ വര്‍ഷങ്ങളിലും നീലകോഴികളുടെ ശല്യത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഗരസഭയിലെ ഏറ്റവും വലിയ പാടശേഖരംകൂടിയാണ് കോട്ടാറ്റ് പാടശേഖരം. നീലകോഴികളുടെ ശല്യത്തെ തുടര്‍ന്ന് പല കര്‍ഷകരും കൃഷിയില്‍ നിന്നും പിന്‍മാറാനൊരുങ്ങുകയാണ്.

2021ൽ എറണാകുളത്തെ പൊക്കാളി കർഷകർ നീലക്കോഴി ശല്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നീലക്കോഴിയെ ക്ഷുദ്രജീവിയുടെ ഗണത്തിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!