ഏക്കറിന് ഏഴ് കിലോഗ്രാം വിത്ത് മതി; പുഞ്ചകൃഷി ആരംഭിക്കാനിരിക്കെ കുട്ടനാട് കീഴടക്കാൻ ഡ്രംസീഡർ

By Web Team  |  First Published Nov 4, 2024, 3:03 PM IST

ഡ്രം സീഡറുകൾ ഉപയോഗിച്ചുള്ള വിതയിറക്കിന് കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങൾ തയ്യാറെടുക്കുകയാണ്. 


ഹരിപ്പാട്: പുഞ്ച കൃഷിയിറക്ക് ആരംഭിക്കാനിരിക്കെ ഡ്രംസീഡർ കുട്ടനാട് കീഴടക്കാൻ ഒരുങ്ങുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽ പരമ്പരാഗതമായി കർഷക തൊഴിലാളികൾ ചാക്കിലോ വട്ടിയിലോ നിറച്ചാണ് മുളപ്പിച്ച നെൽവിത്ത് എറിഞ്ഞ് വിതച്ചിരുന്നത്. എന്നാൽ ഡ്രം സീഡർ ഉപയോഗിച്ചുള്ള വിത കൃഷി മേഖല കീഴടക്കാൻ ഒരുങ്ങുകയാണ്.

സീഡറിലൂടെ വിതയ്ക്കുന്നതിന് ഏക്കറിന് ഏഴ് കിലോഗ്രാം വിത്ത് മതിയാകുമെന്നാണ് കർഷകർ പറയുന്നത്. പരമ്പരാഗതമായ വിതയ്ക്ക് ഏക്കറിന് 60 മുതൽ 75 കിലോഗ്രാം വരെയാണ് വിത്ത് കണ്ടെത്തേണ്ടത്. കൃഷി വകുപ്പിന്‍റെ കണക്കനുസരിച്ച് 40 കിലോ വിത്താണ് ആവശ്യമായി വരുന്നത്. ഡ്രംസീഡറുകൾ ഉപയോഗിച്ചുള്ള വിതയിറക്കിന് കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങൾ തയ്യാറെടുക്കുകയാണ്. 

Latest Videos

ഒരു ഡ്രംസീഡറിൽ മൂന്നോ നാലോ കിലോഗ്രാം വിത്ത് സംഭരിക്കാനുള്ള ശേഷിയാണ് ഉള്ളത്. സീഡറിൽ നാലു സംഭരണികളാണുള്ളത്. നിശ്ചിത അകലത്തിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഓരോ സംഭരണിയുടേയും ദ്വാരത്തിലൂടെ രണ്ടോ മൂന്നോ നെൽവിത്തുകളാണ് പാടത്തേക്ക് വീഴുന്നത്. വിതയിറക്കിനായി വെള്ളം വറ്റിച്ച് ഒരുക്കിയിട്ടിരിക്കുന്ന പാടശേഖരത്തിലൂടെ വിത്ത് നിറച്ച സീഡറിനെ തൊഴിലാളി വലിച്ചു കൊണ്ടു പോകുകയാണ് ചെയ്യുന്നത്. കൃഷിയിടത്തിൽ നിശ്ചിത അകലത്തിലാണ് ഒരുപോലെ വിത്തു വീഴുന്നത്. 

പരമ്പരാഗത രീതിയിൽ കൈ കൊണ്ട് വാരിയെറിഞ്ഞു വിതയ്ക്കുമ്പോൾ പലപ്പോഴും നിരവധി വിത്തുകൾ ഒരു സ്ഥലത്ത് തന്നെ പതിക്കാൻ സാധ്യതയുണ്ട്.  ഇത് തൊഴിലാളികളെ ഉപയോഗിച്ച് പറിച്ചു നീക്കുകയോ കീടനാശിനികൾ തളിക്കുകയോ ചെയ്യേണ്ടി വരും. ഒരേക്കർ കൃഷിയിടത്തിൽ വിതയ്ക്കുന്നതിന് 1000 രൂപയാണ് കൂലി. വിതയ്ക്കുന്നിടത്ത് നിര തെറ്റിയാൽ ചെടികൾ ഉണ്ടാവുകയുമില്ല. പിന്നീട് ചെടികളാകുന്ന മുറയ്ക്ക് തൊഴിലാളികളെ ഉപയോഗിച്ച് നെൽച്ചെടികൾ പറിച്ചു നടുകയും വേണം. കുറഞ്ഞ വിത്തിൽ കൂടുതൽ വിളവ് ലഭ്യമാക്കാം എന്നാണ് കൃഷി ഉദ്യോഗസ്ഥർ പറയുന്നത്.

കുട്ടനാട്ടിലെ പരമ്പരാഗത കർഷകർ ഡ്രംസീഡർ ഉപയോഗിച്ച് വിതയിറക്കി അതിന്‍റെ ഗുണം മനസ്സിലാക്കിയിട്ടുമുണ്ട്. വീയപുരം കൃഷിഭവൻ പരിധിയിലെ 365 ഏക്കർ വിസ്തൃതിയുള്ള മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതയിറക്കി വിജയിപ്പിച്ച ചരിത്രവുണ്ട്.

കനത്ത കാലവർഷത്തെ അതിജീവിച്ച് കൃഷിയിറക്കി; അഞ്ചേക്കറിൽ നൂറുമേനി കൊയ്ത് ദമ്പതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!