പണയം വെച്ചും വായ്പയെടുത്തും അമൃതം പൊടിയുണ്ടാക്കി, പഞ്ചായത്ത് ചതിച്ചു; അടച്ചുപൂട്ടാനൊരുങ്ങി കുടുംബശ്രീ സംരംഭം

By Web TeamFirst Published Feb 4, 2024, 10:53 AM IST
Highlights

20 വനിതകൾ ചേര്‍ന്ന് ബാങ്ക് വായ്പയൊക്കെയെടുത്ത് തുടങ്ങിയതാണ് ഇടുക്കി സന്യാസിയോടയിലെ സമൃദ്ധി കുടുംബശ്രീ ന്യൂട്രീമിക്സ്. ഇപ്പോൾ അവശേഷിക്കുന്നത് ആറു പേർ മാത്രമാണ്.

നെടുങ്കണ്ടം: അംഗനവാടികൾക്കായി വിതരണം ചെയ്ത അമൃതം പൊടിയുടെ പണം ഗ്രാമ പഞ്ചായത്ത് നല്‍കാതായതോടെ അടച്ചു പൂട്ടൽ ഭീഷണിയിലാണ് ഇടുക്കിയില്ലെ ഒരു വനിതാ കുടുംബശ്രീ സംരംഭം. നെടുങ്കണ്ടം സന്യാസിയോടയില്‍ പ്രവര്‍ത്തിയ്ക്കുന്ന സമൃദ്ധി ന്യൂട്രിമിക്‌സ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും പത്തര ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് കിട്ടാനുള്ളത്

20 വനിതകൾ ചേര്‍ന്ന് ബാങ്ക് വായ്പയൊക്കെയെടുത്ത് തുടങ്ങിയതാണ് ഇടുക്കി സന്യാസിയോടയിലെ സമൃദ്ധി കുടുംബശ്രീ ന്യൂട്രീമിക്സ്. ഇപ്പോൾ അവശേഷിക്കുന്നത് ആറു പേർ മാത്രമാണ്. അംഗനവാടി കുട്ടികള്‍ക്ക് നൽകുന്ന അമൃതം പൊടി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് ഇവര്‍ ഉത്പാദിപ്പിച്ചിരുന്നത്. ഹൈറേഞ്ചിലെ ആറ് പഞ്ചായത്തുകളിലെ അംഗനവാടികൾക്ക് ഇവർ അമൃതം പൊടി നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ് കാലത്തടക്കം അയ്യപ്പന്‍കോവിൽ പഞ്ചായത്തില്‍ വിതരണം ചെയ്ത സാധനങ്ങളുടെ പണമായ പത്തര ലക്ഷം രൂപ ഇവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. 

Latest Videos

ഇതോടെ അസംസ്‌കൃത വസ്തുക്കൾ വാങ്ങാന്‍ പണം ഇല്ലാതായി. ഉണ്ടായിരുന്ന സ്വര്‍ണ്ണം പണയം വെച്ചും കടം വാങ്ങിയും സാധനങ്ങൾ വാങ്ങി കുറച്ച് കാലം ഉൽപ്പാദനം തുടർന്നു. പ്രതിസന്ധി മൂലം ഇപ്പോൾ പ്രവർത്തനം നാമമാത്രമായി മാറി. ലക്ഷങ്ങളുടെ കടക്കെണിയിലുമായി. ആകെയുള്ള സ്വർണ്ണം വരെ പണയംവെച്ച് തുടങ്ങിയ സംരംഭമാണെന്നും പഞ്ചായത്ത് പണം നൽകാഞ്ഞതോടെ തീരാ ദുരിത്തിലാണെന്നും സംരംഭക  സുനിത സുധൻ പറയുന്നു. പണം കിട്ടാൻ കോടതിയെ സമീപിയ്ക്കാനാണ് അയ്യപ്പൻകോവിൽ പഞ്ചായത്ത് അധികൃതർ നിര്‍ദേശിച്ചതെന്നും സംരംഭക‍‍ർ പറയുന്നു
 
പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരമില്ലാതെ ഐസിഡിഎസ് സൂപ്പർ വൈസർ ഉത്പന്നങ്ങള്‍ വാങ്ങിയതാണ് പണമനുവദിക്കാൻ കഴിയാത്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കുടുംബശ്രീ പ്രവർത്തകർക്ക് കോടതിയെ സമീപിക്കാമെന്ന് അയ്യപ്പന്‍കോവിൽ പഞ്ചായത്ത് പ്രസിഡന്‍റ്  ജയ്‌മോൾ ജോണ്‍സൻ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകാലം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ സംരഭത്തിനാണിപ്പോൾ പൂട്ട് വീഴാനൊരുങ്ങുന്നത്. ഒപ്പം ഈ സംരംഭകരുടെ ജീവിതവും വഴിമുട്ടും.

വീഡിയോ സ്റ്റോറി

Read More :  പ്രതാപന്‍റെയും ഷീനയുടെയും വാക്ക് വിശ്വസിച്ചു; ഹൈറിച്ച് തട്ടിപ്പിൽ ഇരകളായി സംരംഭകരും, ലക്ഷങ്ങൾ തട്ടിയത് ഇങ്ങനെ!
 

click me!