12 ലക്ഷം രൂപയോളം ചെലവു വരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കിയതെന്ന് മന്ത്രി പ്രസാദ് അറിയിച്ചു.
മലപ്പുറം: നവകേരള സദസില്‍ നിവേദനം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒന്‍പത് വയസുകാരന് ആവശ്യമായ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി പ്രസാദ്. തിരൂര്‍ സ്വദേശിനിയായ ആസിഫയുടെ മകന്‍ മുഹമ്മദ് അഷ്മിലിനാണ് ശസ്ത്രക്രിയ. 12 ലക്ഷം രൂപയോളം ചെലവു വരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കിയതെന്ന് മന്ത്രി പ്രസാദ് അറിയിച്ചു.
മന്ത്രി പ്രസാദിന്റെ കുറിപ്പ്: 12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്. തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകന്‍ മുഹമ്മദ് അഷ്മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സഹായിക്കണമെന്നായിരുന്നു. കൗണ്ടറില്‍ നിവേദനം നല്‍കിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ടും കാര്യം അവതരിപ്പിച്ചു. മന്ത്രി വീണ ജോര്‍ജ് അവിടെ നിന്നുതന്നെ 'ഹൃദ്യം' പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തി ശസ്ത്രക്രിയകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇനി കടമ്പകളൊന്നുമില്ല. കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നില്‍ വച്ച് അഷ്മിലിന്റെ ഹൃദയശസ്ത്രക്രിയ നടക്കും. നമുക്കാ കുട്ടിയേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താം.
നവകേരള സദസ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ 31,601 നിവേദനങ്ങളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കുട്ടിയെ തട്ടിയെടുത്തവര്‍ കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടു?പള്ളിക്കൽ മൂതലയിലെ നീക്കം പാളി