ബിഗ് സല്യൂട്ട്! ന്യൂയോര്‍ക്ക് പൊലീസിൽ ഇൻസ്പെക്ടര്‍, പേര് ഷിബു മധു, ചെന്നിത്തല സ്വദേശിയുടെ വലിയ നേട്ടം

By Web Desk  |  First Published Jan 1, 2025, 1:38 PM IST

1924 ൽ വൈക്കം സത്യാഗ്രഹത്തിൽ ആദ്യം അറസ്റ്റിലായ വെന്നിയിൽ ഗോവിന്ദപണിക്കരുടെ രണ്ടാമത്തെ മകനായ കരുണാകരൻ പിള്ളയുടെ മകനാണ് ഷിബുവിന്റെ പിതാവ് മധു


മാന്നാർ: ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ സ്ഥാനം സ്വന്തമാക്കി ചെന്നിത്തല സ്വദേശി. ആലപ്പുഴ ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗവും ന്യൂയോർക്കിൽ സ്ഥിര താമസക്കാരുമായ മധു - ലത ദമ്പതികളുടെ മകനായ ഷിബു മധുവാണ് അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കിയത്. 

1924 ൽ വൈക്കം സത്യാഗ്രഹത്തിൽ ആദ്യം അറസ്റ്റിലായ വെന്നിയിൽ ഗോവിന്ദപണിക്കരുടെ രണ്ടാമത്തെ മകനായ കരുണാകരൻ പിള്ളയുടെ മകനാണ് ഷിബുവിന്റെ പിതാവ് മധു. 1999ലാണ് ചെന്നൈയിൽ ടി നഗറിൽ താമസിച്ചിരുന്ന മധുവും കുടുംബവും അമേരിക്കയിൽ എത്തിയത്. ഷിബു മധു ഷിറിൻ വൈലങ്കണ്ണി സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 

Latest Videos

ഷിബു മധു പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം അസ്പെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടി. 2007ൽ ന്യൂയോർക്ക് പൊലീസിൽ ഓഫിസർ പദവിയിൽ സേവനം ആരംഭിച്ച അദ്ദേഹം 2013ൽ സെർജന്റ് 2016ൽ ലെഫ്റ്റനന്റ്, 2018ൽ ക്യാപ്റ്റൻ, 2021ൽ ഡപ്യൂട്ടി ഇൻസ്പെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2021 മുതൽ ഡപ്യൂട്ടി ഇൻസ്പെക്ടറായി സേവനം അനുഷ്ടിക്കുകയായിരുന്ന ഷിബു മധുവിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് ഈ പദവിയിലേക്കെത്തിയത്. 

ഷിബുവിന്റെ മാതാപിതാക്കൾ ഇടക്കിടെ നാട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കാറുണ്ട്. എന്നാൽ ചെന്നൈയിൽ ജനിച്ച് വളർന്ന് ന്യൂയോർക്കിൽ സ്ഥിര താമസമാക്കിയതോടെ ഷിബു മധുവിന് നാടുമായുള്ള ബന്ധം കുറവാണ്. ചെന്നിത്തല ചെറുകോൽ ശുഭാനന്ദാശ്രമത്തിനു സമീപത്താണ് വെന്നിയിൽ ഗോവിന്ദപണിക്കരുടെ കുടുംബവീട്.

അവിടെ ഇപ്പോൾ താമസം ഗോവിന്ദപണിക്കരുടെ ഒമ്പതാമത്തെ മകൻ വെന്നിയിൽ രാമചന്ദ്രൻ പിള്ളയും അദ്ദേഹത്തിന്റെ പത്നി ചെന്നിത്തല മഹാത്മ ഹൈസ്കൂൾ റിട്ട. അധ്യാപിക ഗീതാകുമാരിയുമാണ്. ജ്യേഷ്ഠന്റെ കൊച്ചുമകന് ലഭിച്ച നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും നാടിന് അഭിമാനാർഹമായ നേട്ടമാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. ഭാര്യ കരോളിൻ. മക്കൾ: ആൻഡ്രൂ, നിക്കോൾ. സഹോദരി ഷീബ മധു (ന്യൂയോർക്ക്). 

സിസിടിവി വരെ കേടാക്കി, പക്ഷേ മദ്യക്കുപ്പികൾ ചതിച്ചാശാനേ, കുടിച്ചു ബോധം കെട്ടുകിടന്ന കള്ളൻ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!