കണ്ണന്‍ ദേവന്‍ കമ്പനിയിലെ റോളര്‍ ഡ്രൈവറായി മുന്നാറിലെത്തിയ എറണാകുളം ജില്ലയിലെ പട്ടിമറ്റം സ്വദേശിയായ മൈതിന്റെ മകൻ റഹീമിനെ ഇന്ന് മൂന്നാറുകാർക്ക് നന്നായി അറിയാം. എംജിആർ എന്ന് വിളിപ്പേരുള്ള മൂന്നാറുകാരുടെ റഹീം ഇക്ക
ഇടുക്കി: കണ്ണന്‍ ദേവന്‍ കമ്പനിയിലെ റോളര്‍ ഡ്രൈവറായി മുന്നാറിലെത്തിയ എറണാകുളം ജില്ലയിലെ പട്ടിമറ്റം സ്വദേശിയായ മൈതിന്റെ മകൻ റഹീമിനെ ഇന്ന് മൂന്നാറുകാർക്ക് നന്നായി അറിയാം. എംജിആർ എന്ന് വിളിപ്പേരുള്ള മൂന്നാറുകാരുടെ റഹീം ഇക്ക. ഇന്ന് വായനാ ദിനത്തിൽ (National Reading Day 2022 ) റഹീമിക്കയെ കുറിച്ച് പറയാൻ കാരണമുണ്ട്. അത് അദ്ദേഹം സഞ്ചരിച്ച കഠിനമായ വഴികളിലും വിട്ടുകളയാതെ മുറുകെ പിടിച്ച വായനയും എഴുത്തുമാണ്. റഹീമിക്കയ്ക്ക് മുന്നാറിലെ കൊടും തണുപ്പും കനത്ത മഴയും കാരണം അക്കാലത്ത് പഠിക്കാന്‍ സ്‌കുളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.
പകരം മൂന്നാറിലെ ഒരു മലായാള അധ്യാപകന്‍ വീട്ടിലെത്തി രണ്ട് വര്‍ഷം പഠിപ്പിച്ചു. അദ്ദേഹം മടങ്ങിയതോടെ മലയാളം പഠിപ്പ് നിന്നു. കൂട്ടുകാരും സമീപവാസികളും തമിഴ് വംശരായതിനാല്‍ പിന്നീട് അങ്ങോട്ട് തമിഴാണ് പഠിച്ചത്. ഇതിനിടെ വാപ്പ കമ്പനിയില്‍ നിന്നും വിരമിച്ചിരുന്നു. വാപ്പയ്ക്കൊപ്പം റഹീമിക്ക സ്വന്തം നാട്ടിലേക്ക് മടങ്ങി. അവിടെ തമിഴ് പുസ്തകങ്ങള്‍ ലഭിക്കാതെ വന്നതോടെ റഹീം അസ്വസ്ഥനായി. പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ റഹിം വീണ്ടും മുന്നാറിലേക്ക് വണ്ടി കയറി. ആശ്രയത്തിന് ബന്ധുക്കളെ തേടിയാണ് ആദ്യം വന്നത്.
undefined
പിന്നീട് പത്ര വിതരണക്കാരനായി. ഈ കാലഘട്ടത്തിലാണ് റഹീം തമിഴില്‍ കഥയും കവിതയും എഴുതി തുടങ്ങുന്നത്. ഒപ്പം ചിത്ര രചനയും തുടങ്ങി.... പിന്നീടങ്ങോട്ട് ഇത് തുടർന്നു. വഴിയെ സ്വന്തം കഥയും കവിതയും മാത്രമല്ല, കൂട്ടുകാരുടെ രചനകളും പ്രസദ്ധികരിക്കാനുള്ള മാധ്യമമെന്ന നിലയില്‍ കയ്യെഴുത്ത് മാസിക തുടങ്ങി. വളര്‍മതി എന്ന പേരിലായിരുന്നു അത്. 12 വര്‍ഷം മുടങ്ങാതെ കയ്യെഴൂത്ത് മാസിക പുറത്തിറക്കി.
പിൽക്കാലത്ത് കാളിനിവാസ് ബില്‍ഡിംഗിലെ ഒരു മുറിയില്‍ വായനശാലയും തുടങ്ങി. അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംജിആറിനെ വളരെ ഇഷ്ടമായിരുന്നു റഹീം ഇക്കയ്ക്ക്. ആ ഇഷ്ടത്തിന്റെ ഭാഗമായി രോമത്തൊപ്പി അണിഞ്ഞാണ് അദ്ദേഹം ടൗണില്‍ എത്തുക. എംജിആര്‍ മുന്നാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോള്‍ നേരില്‍ കാണുകയും ചെയ്തു.
Read more: ഷോപ്പിംഗ് ബാഗിൽ പുസ്തകങ്ങളുമായി രാധാമണി നടന്ന ദൂരങ്ങൾ...
ഇതിനിടെയിലാണ് സ്വന്തമായി പത്ര ഏജന്‍സികള്‍ എടുക്കുന്നത്. ആനുകാലിക പ്രസിദ്ധികരണങ്ങളുടെ ഏജന്‍സികളും എടുത്തു. മുന്നാറില്‍ ബുക്സ് സ്റ്റാളും ആരംഭിച്ചു. വില്‍ക്കാന്‍ മാത്രമല്ല, പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങളും വാങ്ങി നല്‍കി അദ്ദേഹം. ഔദ്യോഗിക വിദ്യാഭ്യാസമില്ലെങ്കിലും വായനയോടും എഴുത്തിനോടും അക്ഷരങ്ങളോടുമുള്ള സ്നേഹം, അങ്ങനെ ഇപ്പോഴും എഴുത്തും വരയുമായി സജീവമാണ് ബിഎം റഹിം എന്ന എംജിആർ. മുന്നാറില്‍ നിന്നും പ്രസിദ്ധികരിക്കുന്ന മൂന്നാര്‍ ന്യുസ് എന്ന തമിഴ് മാസികയില്‍ കോളവും ചെയ്യുന്നുണ്ട് റഹീമിക്ക. അക്ഷരങ്ങളെ ഉപേക്ഷിക്കാൻ പോന്ന പ്രതിസന്ധികളേറെ ഉണ്ടായിട്ടും, കൈവിടാതെ സ്വന്തമായി വഴിതെളിച്ച് അത് കാത്തുസൂക്ഷച്ച റഹീമിക്ക ഈ വായനാ ദിനത്തിൽ ഏതൊരാൾക്കും ഊർജമാണ്.