തോട്ടിൽ സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, വസ്ത്രങ്ങളില്ല, വീട്ടിൽ ബലപ്രയോഗലക്ഷണങ്ങൾ, അന്വേഷണം

By Web Team  |  First Published Feb 10, 2024, 6:56 PM IST

വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്‍റെയും വസ്ത്രം വലിച്ചുകീറിയതിന്‍റെയും ലക്ഷണങ്ങളുണ്ട്. 


തിരുവനന്തപുരം: കിളിമാനൂരില്‍ അറുപതു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിനു സമീപത്തെ തോട്ടിൽ വിവസ്ത്രയായി കണ്ടെത്തിയത്. വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്‍റെയും വസ്ത്രം വലിച്ചുകീറിയതിന്‍റെയും ലക്ഷണങ്ങളുണ്ട്. 

ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ നാലുവർഷമായി ലീല ഒറ്റയ്ക്കാണ് താമസം. സ്വന്തമായി തൊഴിലെടുത്തായിരുന്നു ജീവിതം. രണ്ടാഴ്ചയായി അസുഖം കാരണം ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ കഴിയുന്നതിനിടെയാണ് രാവിലെ സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിച്ചു. 

Latest Videos

വീട്ടിൽ നിന്നും പത്തടി താഴ്ചയുള്ള തോട്ടിൽ വിവസ്ത്രയായി, കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.  വീടിനുള്ളിൽ വസ്ത്രം വലിച്ചു കീറിയതിൻ്റെയും  ബലപ്രയോ​ഗം നടന്നതിന്റെയും തെളിവുകളുമുണ്ട്. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുറിവുകളില്ലെന്നാണ് കണ്ടെത്തൽ. അതേസമയം കൂടുതൽ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാക്കാനാകൂവെന്ന് പൊലിസ് അറിയിച്ചു. കിളിമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

 

click me!