അക്രമം അതിരുവിട്ടപ്പോൾ വടക്കനാട് കൊമ്പനെ വനംവകുപ്പ് പിടികൂടി കുങ്കിയാന ആക്കിയ വടക്കനാട് കൊമ്പന്റെ ഈ ഉറ്റ ചങ്ങാതിയാണ് നിലവിൽ ബത്തേരി മേഖലയുടെ ഉറക്കം കളയുന്നത്.
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കൊമ്പന്റെ ഉറ്റചങ്ങാതി, മുട്ടിക്കൊമ്പനേക്കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ. വയനാട്ടിലെ പഴേരിയിലും വടക്കനാടും വള്ളുവാടിയിലും മാസങ്ങളായി കൃഷി നശിപ്പിച്ച് ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊമ്പനാണ് മുട്ടിക്കൊമ്പൻ. വലിയ ശരീര പ്രകൃതവും എന്നാൽ അതിനോട് ചേരാത്ത നിവയിലുള്ള നീളം കുറഞ്ഞ കൊമ്പുമുള്ളതിനാലാണ് ഈ കൊമ്പന് മുട്ടിക്കൊമ്പനെന്ന് പേര് വന്നത്. അക്രമം അതിരുവിട്ടപ്പോൾ വടക്കനാട് കൊമ്പനെ വനംവകുപ്പ് പിടികൂടി കുങ്കിയാന ആക്കിയ വടക്കനാട് കൊമ്പന്റെ ഈ ഉറ്റ ചങ്ങാതിയാണ് നിലവിൽ ബത്തേരി മേഖലയുടെ ഉറക്കം കളയുന്നത്.
രണ്ട് വര്‍ഷമായി ആന ജനവാസ പ്രദേശങ്ങളിലേക്ക് വരുന്നുണ്ടെങ്കിലും വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതും ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും തുടങ്ങിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലരയുടെ പശുവിനെ കറക്കാന്‍ എഴുന്നേറ്റതായിരുന്നു പഴേരി സ്വദേശി നെരവത്ത്കണ്ടത്തില്‍ ബിനു. ഇതിനിടെയാണ് അയല്‍വാസിയായ ജോണി മുട്ടിക്കൊമ്പന്‍ ഇറങ്ങിയിട്ടുണ്ടെന്ന കാര്യം വിളിച്ചു പറഞ്ഞത്. ജോണിയുടെ തോട്ടത്തില്‍ നിന്നും ബിനുവിന്റെ വീടിന്റെ ഭാഗത്തേക്ക് ആയിരുന്നു ആന നീങ്ങിയത്. ആനയെ നോക്കാന്‍ മുറ്റത്തിറങ്ങിയത് മാത്രമെ ഓര്‍മ്മയുള്ളുവെന്ന് ബിനു ഭീതിയോടെ പറഞ്ഞു. ടോര്‍ച്ച് തെളിച്ച് നോക്കിയതും ആന തനിക്ക് നേരെ ഓടി വരുന്നതാണ് കണ്ടത്. ഉടന്‍ ഓടി വീട്ടിനകത്തേക്ക് കയറിയത് കൊണ്ട് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത്. അല്ലെങ്കില്‍ മാനന്തവാടിയില്‍ കൊല്ലപ്പെട്ട അജീഷിനെ പോലെ തന്റെ ജീവനും ഒടുങ്ങുമായിരുന്നുവെന്ന് ഭയത്തോടെ പറയുന്നു ഈ യുവാവ്.
undefined
(മുട്ടിക്കൊമ്പന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പറയുന്ന നാട്ടുകാർ)
മുറ്റത്തെ പട്ടിക്കൂടിന് അടുത്തുവരെ എത്തിയ ആന തെല്ലുനേരം അവിടെ നിലയുറപ്പിച്ചതിനുശേഷം ആണ് തിരികെ പോയത്. ആന അടുത്തെത്തിയതോടെ കുരച്ചുകൊണ്ടിരുന്ന ബിനുവിന്റെ വളര്‍ത്തുനായ ശ്വാസമടക്കി കൂട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്നു. ഇല്ലെങ്കിൽ നായയേയും ആന ആക്രമിച്ചിരുന്നേനെയെന്ന് വീട്ടുകാർ വിലയിരുത്തുന്നത്. ആഴ്ചകളായി പഴേരി, വടക്കനാട് പ്രദേശങ്ങളില്‍ രാത്രി ഒമ്പത് മണിക്ക് ശേഷം മുട്ടിക്കൊമ്പന്‍ കൃഷിയിടത്തിലേക്ക് എത്തുന്നതായി പറയുന്നു. പിന്നെ ഇവിടെയുള്ള തോട്ടങ്ങളില്‍ വിളകളെല്ലാം നശിപ്പിച്ച് കൂടുന്ന ആന വെളിച്ചം വീണതിന് ശേഷമായിരിക്കും ഉള്‍ക്കാട്ടിലേക്ക് മടങ്ങുക.
ടോര്‍ച്ചോ മറ്റോ തെളിച്ചാല്‍ പ്രകോപിതനാകുന്ന ആനയാണ് മുട്ടിക്കൊമ്പന്‍. രാവിലെ ജോലിക്ക് പോകുന്നവരും മറ്റും ഒന്നുരണ്ട് തവണ മുട്ടിക്കൊമ്പന് മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി പറയുന്നു. ദൂരെ നിന്ന് തന്നെ ആനയെ കണ്ടതിനാലാണ് ജീവന്‍ തിരികെ കിട്ടിയത്. വളരെ ദൂരം പിന്തുടരുന്ന സ്വഭാവം ചിലപ്പോള്‍ മുട്ടിക്കൊമ്പന്‍ കാണിക്കുന്നുണ്ട്. വലിയ ശബ്ദത്തില്‍ ചിന്നം വിളിച്ചാണ് ആന എത്തുക. ഇതുകാരണം ആനയെ ഓടിക്കുന്നവരുടെ മനസ്സാന്നിധ്യം പോലും നഷ്ടമാകും. മുട്ടിക്കൊമ്പന്റെ നിരന്തര ആക്രമണത്താല്‍ വടക്കനാട്, പഴേരി പ്രദേശത്തെ കൃഷിയിടങ്ങള്‍ കര്‍ഷകര്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളായി മാറിയെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ഞായറാഴ് രാത്രി പഴേരി ശ്മശാനം റോഡിലെ കര്‍ഷകരുടെ പറമ്പുകളില്‍ ആണ് കാട്ടാന എത്തിയത്. ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ല സെക്രട്ടറി കൂടിയായ ആരംപുളിക്കല്‍ എ.സി തോമസ്, കടമ്പക്കാട്ട് ജോണി, നിരവത്ത് കണ്ടത്തില്‍ ബിനു, കൊട്ടാരക്കുന്നേല്‍ സ്‌കറിയ എന്നിവരുടെ തോട്ടങ്ങളില്‍ എത്തിയ മുട്ടിക്കൊമ്പന്‍ തെങ്ങും വാഴയും കാപ്പിയും നശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കര്‍ഷകര്‍ ആനയെത്തിയ വിവരമറിയുന്നത്. ആദ്യം തോമസിന്റെ കാപ്പിത്തോട്ടത്തില്‍ എത്തി ഇവിടെയുണ്ടായിരുന്ന രണ്ട് തെങ്ങുകള്‍ മറിച്ചിട്ട് ഭക്ഷിച്ചു. തുടര്‍ന്ന് സമീപത്തെ കടമ്പക്കാട്ട് ജോണിയുടെ കൃഷിയിടത്തില്‍ കയറി വാഴകള്‍ നശിപ്പിച്ചു. വാഴ പിഴുതെറിയുന്ന ശബ്ദും കേട്ട് ജോണി ടോര്‍ച്ച് തെളിച്ച് ബഹളമുണ്ടാക്കിയതോടെ ആന ഇവിടെ നിന്ന് ബിനുവിന്റെ വീട്ടുമുറ്റത്തേക്ക് ആണ് എത്തിയത്. ജോണി മുന്നറിയിപ്പ് നല്‍കിയില്ലായിരുന്നുവെങ്കില്‍ ബിനുവെന്ന ക്ഷീരകര്‍ഷകന്‍ ആനയുടെ മുമ്പിലകപ്പെടുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം