സമരത്തിന്റെ 20-ാം വാര്‍ഷികത്തിലും ഭൂരിഭാഗം കുടുംബങ്ങളും ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാതെ ദുരിത ജീവിതം തുടരുകയാണെന്നത് അധികാരകേന്ദ്രങ്ങളുടെ നിസംഗതയോ മുതലെടുപ്പോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ്.
സുല്‍ത്താന്‍ ബത്തേരി: ആദിവാസി ജനതക്ക് പുതിയ ദിശാബോധം പകര്‍ന്ന മുത്തങ്ങ ഭൂസമരത്തിന് ഇന്ന് 20 വയസ് തികയുമ്പോഴും അന്ന് സമരത്തില്‍ പങ്കെടുത്തവരും കുടുംബങ്ങളുമെല്ലാം ഇപ്പോഴും ദുരിത ജീവിതം തുടരുകയാണ്. അവകാശപ്പെട്ട ഭൂമിക്കായി ഗോത്ര മഹാസഭ നേതാക്കളായ ഗീതാനന്ദന്‍, സി കെ ജാനു, അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ച നൂറുകണക്കിന് ആദിവാസികള്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിന് സമീപത്തെ തരിശുഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിക്കുകയായിരുന്നു. 2003 ഫ്രബുവരി 19-ന് സമരക്കാര്‍ക്ക് നേരെ പൊലീസ് നടപടി ഉണ്ടായി.
ലാത്തിചാര്‍ജിലും തുടര്‍ന്ന് ഉണ്ടായ വെടിവെപ്പിലും ജോഗി എന്ന എന്ന ആദിവാസി മരിച്ചു. കണ്ണൂരില്‍ നിന്ന് എത്തിയ ഒരു പൊലീസുകാരനും സംഘര്‍ഷത്തിനിടെ മരിച്ചു. ഇതോടെ മുത്തങ്ങ സമരത്തിന് പുതിയ മാനം കൈവരികയായിരുന്നു. സമരാനന്തരം ആദിവാസികളെ വ്യാപകമായി പൊലീസ് വേട്ടയാടി. അന്ന് സമരക്കാര്‍ സംഘടിച്ച് മുത്തങ്ങ വനഭൂമിയിലേക്ക് പോയത് കല്ലൂരിനടുത്ത പുലിതൂക്കി കോളനിയില്‍ നിന്നായിരുന്നു. ഇവിടുത്തെ 13 വീട്ടുകാരില്‍ ഏഴ് കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. സമരത്തിന് ശേഷം പൊലീസ് മര്‍ദ്ദനവും കേസും ഏറ്റുവാങ്ങിയ നിരവധി പേര്‍ ഇവിടെയുണ്ട്.
undefined
പുലിതൂക്കി കോളനിയിലെ കമ്മാക്കിയും വെള്ളനും അന്നത്തെ പൊലീസ് അതിക്രമത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ എഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെച്ചു. സമരത്തില്‍ പങ്കെടുക്കാനായി നിരവധി ആളുകള്‍ ഈ കോളനിയില്‍ എത്തയിരുന്നതായി കമ്മാക്കി പറഞ്ഞു. 'അന്ന് രാവിലെ പത്ത് മണിയോടെയാണ് പൊലീസുകാര്‍ സമരഭൂമിയിലേക്ക് ഇരച്ചുകയറിയത്. അവര്‍ പോകാന്‍ പറഞ്ഞു. ഞങ്ങള്‍ കൂട്ടാക്കിയില്ല. അതോടെ അടി തുടങ്ങി, തീവെപ്പും. പൊലീസ് അക്രമത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പാത്രം, പുതപ്പ്, പായ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു തങ്ങള്‍. തലക്കൊക്കെ പരിക്കേറ്റിരുന്നു. കാട്ടിലൂടെ ഏറെ സഞ്ചരിച്ച് രാത്രിയാണ് കോളനിയില്‍ എത്തിയയത്'- കമ്മാക്കി അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു.
സമരഭൂമിയിലെ അതിക്രമങ്ങള്‍ക്ക് ശേഷം കമ്മാക്കിയുള്‍പ്പെടെയുള്ളവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി സ്റ്റേഷനിലും പനമരം ഹോസ്റ്റലിലും താമസിപ്പിച്ചതിന് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇതേ കോളനിയിലെ ശോഭയുടെ ഭര്‍ത്താവ് പാലന്‍ മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായിരുന്നു. സമരത്തില്‍ പങ്കെടുക്കാത്ത പാലനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും പിന്നീട് ജയില്‍വാസം കഴിഞ്ഞെത്തി വിട്ടില്‍ കിടപ്പിലായതും ഏതാനും ദിവസങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങിയെന്നും മകന്‍ രതീഷ് പറയുന്നു.
അന്ന് 46 വയസുണ്ടായിരുന്ന കോളനിയിലെ വെള്ളനും സമരത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഒളിവില്‍ പോയതോടെ പൊലീസിന്റെ തുടര്‍ന്നുള്ള മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നില്ലെന്ന് ഓര്‍ത്തെടുക്കുന്നു. 66 കാരനായ ഇദ്ദേഹമിന്ന് പലവിധ ആസുഖങ്ങളാല്‍ അവശതയിലാണ്. മുത്തങ്ങ ഭൂസമരം ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറിയെങ്കിലും സമരത്തെ തുടര്‍ന്ന് ആദിവാസികള്‍ക്ക് ഭൂമിയും ജീവിതസാഹചര്യങ്ങളും ഉണ്ടായോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുകയാണ്. ഏതാനും കുടുംബങ്ങള്‍ക്ക് നല്‍കിയ ഭൂമി വാസയോഗ്യമല്ലാത്തിനാല്‍ ഏറ്റെടുക്കാനായില്ല. സമരത്തിന്റെ 20-ാം വാര്‍ഷികത്തിലും ഭൂരിഭാഗം കുടുംബങ്ങളും ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാതെ ദുരിത ജീവിതം തുടരുകയാണെന്നത് അധികാരകേന്ദ്രങ്ങളുടെ നിസംഗതയോ മുതലെടുപ്പോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ്.