മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിലെ ലൈറ്റുകൾ ഭംഗിക്കു വേണ്ടി മാത്രമെന്നും തെളിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഇടുക്കി: മൂന്നാറിലെ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൽ ഘടിച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ല. ലൈറ്റ് ഇടേണ്ട എന്ന് ഡ്രൈവറോടും കണ്ടക്ടറോടും മന്ത്രി പറഞ്ഞു. ബസ് സർവീസ് ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ പരാമർശം. മൂന്നാറിൽ സർവീസ് നടത്താൻ എത്തിച്ച ഡബിൾ ഡെക്കർ ബസിൽ ലൈറ്റുകൾ സ്‌ഥാപിച്ചതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.
"ഈ ബസ്സിന് ഒരു ഹെഡ് ലൈറ്റിന്‍റെ ആവശ്യം പോലുമില്ല. ഈ ബസ്സിലെ ലൈറ്റൊന്നും ഇടാൻ വേണ്ടി വച്ചതല്ല. ഭംഗിക്ക് വേണ്ടി വച്ചതാണ്. അത് ഇടാൻ ഉദ്ദേശിച്ചിട്ടില്ല. ഈ ബസ് ഓടിക്കുന്ന കണ്ടക്ടറോടും ഡ്രൈവറോടും ഈ ലൈറ്റൊ ന്നും ഇടേണ്ടെന്ന് ഞാൻ പറയുന്നു. ഈ വണ്ടി പകൽ സമയത്ത് മാത്രമേ ഓടിക്കുന്നുള്ളൂ. രാത്രിയിൽ മൂന്നാറിൽ ഒന്നും കാണാനില്ല. കുറ്റാക്കൂരിരുട്ടാ. കെഎസ്ആർടിസിയുടെ ഒരു പൈസയും കളയാൻ ആഗ്രഹിക്കുന്നില്ല"- ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസിൽ അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്ന് കോടതി നിരീക്ഷിച്ചു. പൂർണ്ണമായും സുരക്ഷാ മാർഗ നിർദേശങ്ങൾ ലംഘിക്കുന്നതാണ് കെ എസ് ആർ ടി സിയുടെ റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിലെ അനധികൃതലൈറ്റ് സംവിധാനമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പിന്നാലെയാണ് ഈ ലൈറ്റുകളൊന്നും തെളിയിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
അതിനിടെ ഡബിൾ ഡക്കർ ബസ് തങ്ങളുടെ ഉപജീവനം ഇല്ലാതാക്കുമെന്ന് ആരോപിച്ച് ഓട്ടോ, ടാക്സി, ടാക്സി ഡ്രൈവർമാർ ഉദ്ഘാടന വേളയിൽ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റി.
ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് മൂന്നാറിലെ ഡബിൾ ഡക്കർ ബസ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു. നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് ഭീഷണിയല്ല ഈ ബസ് സംവിധാനം. മൂന്നാറിന്‍റെ പ്രകൃതി രമണീയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് പോലും കെ എസ്ആർടിസി ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം