പടയപ്പ വീണ്ടും! 'പിള്ളയാറപ്പാ ഒന്നും സെഞ്ചിടാതെ' എന്ന് അപേക്ഷിച്ച് ട്രാക്ടർ ഡ്രൈവ‍ർ, നശിപ്പിക്കാതെ മടക്കം

By Web Team  |  First Published Jun 14, 2023, 1:12 PM IST

ഗണപതിയെ ആണ് തമിഴിൽ പിള്ളൈയാർ എന്നു വിളിക്കുന്നത്. പടയപ്പ കൊളുന്ത് നിറച്ച ചാക്കുകൾ വലിച്ചു പുറത്തിടുകയോ ട്രാക്ടറിന് കേടുപാടുകൾ വരുത്തുകയോ ചെയ്തില്ല.


ഇടുക്കി: മൂന്നാറിലെ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ കാട്ടുകൊമ്പൻ പടയപ്പ തടഞ്ഞു.  വാഹനം തകർക്കരുതേ എന്ന് പടയപ്പയോട് ട്രാക്ടർ ഡ്രൈവർ  അപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്തുമായി എത്തിയ ട്രാക്ടറാണ് പടയപ്പ തടഞ്ഞത്. സെൽവകുമാറായിരുന്നു ഡ്രൈവർ.  നെറ്റിമേട് ഭാഗത്ത് എത്തിയപ്പോൾ സെൽവകുമാറിൻറ ട്രാക്ടർ പടയപ്പയുടെ മുന്നിൽ പെട്ടു.

കാട്ടാനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങി ഓടി. ട്രാക്ടറിൽ ഭക്ഷണസാധനങ്ങളാണെന്ന് കരുതി പടയപ്പ തെരച്ചിൽ തുടങ്ങി. ചുറ്റും നടക്കാൻ തുടങ്ങിയതോടെ വാഹനം തകർക്കുമോ എന്ന പേടിയിൽ  സെൽവകുമാർ പടയപ്പയോട് 'പിള്ളയാറപ്പാ ഒന്നും സെയ്യാതെ' എന്ന് അപേക്ഷിക്കുകയായിരുന്നു. ഗണപതിയെ ആണ് തമിഴിൽ പിള്ളൈയാർ എന്നു വിളിക്കുന്നത്. പടയപ്പ കൊളുന്ത് നിറച്ച ചാക്കുകൾ വലിച്ചു പുറത്തിടുകയോ ട്രാക്ടറിന് കേടുപാടുകൾ വരുത്തുകയോ ചെയ്തില്ല.

Latest Videos

ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ശേഷം തേയിലത്തോട്ടത്തിലൂടെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പ്രായാധിക്യം മൂലം  ഭക്ഷണം തേടി പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.  കുറച്ചു ദിവസം വനത്തിലുളളിലായിരുന്ന പടയപ്പ കഴിഞ്ഞ ദിവസമാണ് വീണ്ടും തിരികെ മൂന്നാറിലെത്തിയത്. കഴിഞ്ഞയാഴ്ച മൂന്നാറിൽ പലചരക്ക് കടക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു.

ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ ഒറ്റയാനായ പടയപ്പ തകർത്തു. ഇതുവരെ 19 തവണ ആനകൾ തന്റെ കടക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ടെന്ന് പുണ്യവേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ കടയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നും പുണ്യവേൽ പറയുന്നു. വിവരമറിഞ്ഞ് എത്തിയ ആർആർടി സംഘം പടയപ്പയെ തുരത്തിയോടിക്കുകയായിരുന്നു.

ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും; കാലിൽ തരിപ്പ് പോലെ; പേടിച്ച് വീടിന് പുറത്തിറങ്ങി നാട്ടുകാര്‍, ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!