നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിൽ ഉൾപ്പെടുന്ന മാങ്കുടി ലൈനിൽ ചന്ദ്രൻ മാങ്കുടിയുടെ വീട്ടുവളപ്പിൽ നിന്നാണ് കൂറ്റൻ മലമ്പാമ്പിനെ പിടികൂടിയത്.
കൊച്ചി: എറണാകുളം പെരുമ്പാവൂർ നഗരമധ്യത്തിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിൽ ഉൾപ്പെടുന്ന മാങ്കുടി ലൈനിൽ ചന്ദ്രൻ മാങ്കുടിയുടെ വീട്ടുവളപ്പിൽ നിന്നാണ് കൂറ്റൻ മലമ്പാമ്പിനെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് വീടിന്റെ പുറകുവശത്തുള്ള മതിലിനോട് ചേർന്ന്, വീട്ടുകാർ പാമ്പിനെ കണ്ടത്. ഉടൻതന്നെ വനപാലകരെ വിവരം അറിയിച്ചു. തൊട്ടടുത്ത കാടുപിടിച്ച പ്രദേശത്തേക്ക് പാമ്പ് പോകാൻ സാധ്യത ഉള്ളതിനാൽ നാട്ടുകാർ തന്നെ ഇതിനെ കുരുക്കിട്ട് പിടികൂടി.
ചാക്കിലാക്കിയ പാമ്പിനെ പിന്നീട് കോടനാട് വനംവകുപ്പ് ഓഫീസിൽ എത്തിച്ച് വനപാലകർക്ക് കൈമാറി. ഏകദേശം 30 കിലോയിൽ അധികം തൂക്കം വരുന്ന മലമ്പാമ്പിനെയാണ് പിടികൂടിയത്. കഴിഞ്ഞ പ്രളയത്തിനുശേഷം പെരുമ്പാവൂർ മേഖലയിലെ വീട്ടുപരിസരങ്ങളിൽ മലമ്പാമ്പുകളുടെ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം പെരുമ്പാവൂർ പാലക്കാട്ടുതാഴത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴി ഷെഡ്ഡിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയിരുന്നു.