സ്ഥലം തീരെ കുറഞ്ഞവരാകട്ടെ വീടുകളുടെ മട്ടുപ്പാവുകളിൽ പന്തൽ ഇട്ട് ഇതിലേക്ക് വള്ളി പടർത്തി ഈ കൃഷിയിലൂടെ വരുമാനമുണ്ടാക്കി വരുന്നു.
ഇടുക്കി: ഇടവേളയില്ലാതെ ഫലവും പണവും തരുന്ന പാഷൻ ഫ്രൂട്ട് കൃഷി വ്യാപിപ്പിച്ച് ഹൈറേഞ്ചിലെ കർഷകർ. ചിലർ മുഖ്യ കൃഷിയാക്കിയും മറ്റു ചിലർ ഇടവിള കൃഷിയാക്കിയും പാഷൻ ഫ്രൂട്ട് കൃഷിയെ പരിപോഷിപ്പിക്കുകയാണ്. ഉപ്പുതറ, വണ്ടൻമേട്, വണ്ടിപെരിയാർ, ചക്കുപള്ളം, അനവിലാസം, അടിമാലി, മുരിക്കാശേരി, തോപ്രാംകുടി മേഖലകളിലാണിന്ന് ഏറ്റവും കൂടുതൽ പാഷൻ ഫ്രൂട്ട് വിളയിക്കുന്നത്.
എൺപത് വർഷത്തെ കുടിയേറ്റ ചരിത്രമുള്ള ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിൽ കാപ്പിയും കൊടിയും ഏലവും കപ്പയും മാത്രമല്ല പാഷൻ ഫ്രൂട്ടും കപ്പളങ്ങയും പോലെയുള്ള പല വ്യത്യസ്തങ്ങളായ കൃഷികളും പരീക്ഷണം നടത്തി വിജയിച്ചിരുന്നു. പിന്നീട് വലിയ വരുമാനം നേടിത്തരുന്ന നാണ്യവിളകളിലേയ്ക്ക് വഴിമാറിയതോടെ പലയിടത്തും പാഷൻ ഫ്രൂട്ട് പോലുള്ള ഇടവിള കൃഷികൾ ഉപേക്ഷിച്ചു. ഇതാണ് ഇപ്പോൾ വീണ്ടും ഹൈറേഞ്ചിൽ പലയിടത്തുമായി ശക്തി പ്രാപിക്കുന്നത്. അഞ്ചു സെന്റ് മുതൽ അഞ്ചേക്കറിൽ വരെ കൃഷി ചെയ്യുന്നവരുമുണ്ട്. കൃഷിക്കായി ലക്ഷങ്ങൾ ചിലവാകുമെങ്കിലും വരുമാനം പ്രതീക്ഷക്കപ്പുറത്താണ്. സ്ഥലം തീരെ കുറഞ്ഞവരാകട്ടെ വീടുകളുടെ മട്ടുപ്പാവുകളിൽ പന്തൽ ഇട്ട് ഇതിലേക്ക് വള്ളി പടർത്തി ഈ കൃഷിയിലൂടെ വരുമാനമുണ്ടാക്കി വരുന്നു.
മഞ്ഞ, ചുവപ്പ്, പിങ്ക് നീല തുടങ്ങിയ നിറങ്ങളിൽ പാഷൻ ഫ്രൂട്ടുണ്ടെങ്കിലും ഇതിൽ മഞ്ഞനിറമുള്ളതാണ് ഏറ്റവും മെച്ചവും ഗുണപ്രദവും. ചെറിയ അധ്വാനവും വലിയ വരുമാനവും- ഇതാണ് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നതിനായി കർഷകരെ പ്രേരിപ്പിക്കുന്ന ഘടകം. പാഷൻ ഫ്രൂട്ട് കൊണ്ട് വിവിധ മൂല്യാധിഷ്ടിത ഉത്പന്നങ്ങൾ നിർമ്മിച്ച് കയറ്റുമതി ചെയ്തും ആഭ്യന്തര വിപണിയിൽ വൻലാഭം കൊയ്യുന്ന വ്യവസായ യൂണിറ്റുകളും കുറവല്ല.
പാഷൻ ഫ്രൂട്ടിന്‍റെ പ്രചാരം വർദ്ധിക്കുകയും ആവശ്യക്കാരേറുകയും ചെയ്തതോടുകൂടി കർഷകരുടെ കൃഷി ഇടത്തിലെത്തി പാഷൻ ഫ്രൂട്ട് ശേഖരിച്ചു കൊണ്ട് പോകുന്ന ഏജൻസികളും ഇപ്പോൾ വ്യാപകമായി കഴിഞ്ഞു. ഉപ്പുതറ, കട്ടപ്പന, മുരിക്കാശ്ശേരി, തുടങ്ങി സ്ഥലങ്ങളിൽ എല്ലാ ശനി ദിവസങ്ങളിലും എത്തി മൂവാറ്റുപുഴ, പെരുമ്പാവൂർ, തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പാഷൻ ഫ്രൂട്ട് കൊണ്ടു പോകുന്നുമുണ്ട്. കർഷകരുടെ കൃഷിയിടത്തിലെത്തി സംഭരിക്കുമ്പോൾ കിലോക്ക് 60 - 65 രൂപ വരെ വിലയും ലഭിക്കുന്നുണ്ട് എന്നാൽ കർഷകർ ഇത് വിപണിയിലെത്തിച്ചു വില്പന നടത്തുമ്പോൾ 35 - 40 രൂപ മാത്രമാണ് ലഭിക്കുന്നത്.
പാഷൻ ഫ്രൂട്ടിന്‍റെ വില പരമാവധി ഇടിച്ചു താഴ്ത്തി വ്യാപാരം നടത്തിവരുന്നത് ഹൈറേഞ്ചിലെ ചില മലഞ്ചരക്ക് വ്യാപാരികളാണെന്നാണ് പരാതി. ഇവർ പരമാവധി നൽകുന്ന വില 50 രൂപ മാത്രമാണ് . ഇതേ പാഷൻ ഫ്രൂട്ട് കൊച്ചിയിൽ ലുലുമാളിൽ എത്തിച്ചുനൽകുമ്പോൾ അവിടെ വിൽപന നടത്തുന്നത് 150 -200 രൂപയ്ക്കാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് കൃത്യമായ വില ലഭിക്കാതെ വരുമ്പോഴാണ് കർഷകർ പുതിയ കൃഷി പരീക്ഷണങ്ങളിലേക്ക് തിരിയാൻ നിർബന്ധിതരാകുന്നത്.
ഏക്കറിന് ഏഴ് കിലോഗ്രാം വിത്ത് മതി; പുഞ്ചകൃഷി ആരംഭിക്കാനിരിക്കെ കുട്ടനാട് കീഴടക്കാൻ ഡ്രംസീഡർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം