മോദി, പിണറായി സർക്കാരുകൾക്ക് മാധ്യമസ്വാതന്ത്ര്യം തകർക്കുന്നതിൽ ഒരേ സമീപനം; എംഎം ഹസൻ

By Web Team  |  First Published Dec 25, 2024, 1:05 AM IST

60 ലക്ഷത്തോളം പിഎസ്‌എസി ഉദ്യോഗാർഥികളുടെ വിവരങ്ങൾ സൈബർ അധോലോകത്തിൽ വിൽപന നടത്താൻ തരത്തിൽ ചോർന്നത് അഴിമതിയാണെന്ന് ഹസൻ പറഞ്ഞു.


തിരുവനന്തപുരം: പിണറായി സർക്കാർ ഫാഷിസ്റ്റ് സർക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാ‍ൻ നടപടി സ്വീകരിക്കാത്തതെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പിഎസ്‌സി ഉദ്യോഗാർഥികളുടെ വിവരങ്ങൾ സൈബറിടത്തിൽ ചോർന്നതു സംബന്ധിച്ച വാർത്ത എഴുതിയ ‘മാധ്യമം’ ലേഖകൻ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിലും വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കുന്നതിലും പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (കെയു‍‍ഡബ്ല്യുജെ) ജില്ലാ കമ്മിറ്റി ഡിജിപി ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

60 ലക്ഷത്തോളം പിഎസ്‌എസി ഉദ്യോഗാർഥികളുടെ വിവരങ്ങൾ സൈബർ അധോലോകത്തിൽ വിൽപന നടത്താൻ തരത്തിൽ ചോർന്നത് അഴിമതിയാണ്. ഇതിന്റെ ഉറവിടം അറിയാൻ പത്രലേഖകനെ ചോദ്യം ചെയ്യുന്നതു മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. മോദി, പിണറായി സർക്കാരുകൾ മാധ്യമസ്വാതന്ത്ര്യം തകർക്കുന്നതിൽ ഒരേ സമീപനമാണെന്നും ഹസൻ ആരോപിച്ചു. കേന്ദ്ര സർക്കാരിനു കീഴിൽ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് ആരോപിക്കുന്നവർ ഭരിക്കുന്ന കേരളത്തിലാണ് മാധ്യമപ്രവർത്തകനെ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി പറഞ്ഞു.

Latest Videos

undefined

ഉദ്യോഗാർഥികളുടെ വിവരങ്ങൾ ചോർന്നത് എങ്ങനെയാണെന്നു പൊലീസ് കണ്ടുപിടിച്ച ശേഷവും ലേഖകനെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അദ്ദേഹം ചെയ്തതിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്നും വാർത്തയുടെ ഉറവിടം തേടി അദ്ദേഹം എഴുതിയ കത്ത് മാധ്യമചരിത്രത്തിൽ ഇടംപിടിക്കുമെന്നും ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ.രാജഗോപാൽ പറഞ്ഞു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി അധ്യക്ഷനായി. മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്, യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.കിരൺ ബാബു, പ്രജീഷ് കൈപ്പള്ളി, പി.സനിത, ജില്ലാ വൈസ് പ്രസിഡന്റ് സി.രാജ, അനിരു അശോകൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ആർ.ലേഖാരാജ്, കെ.അനസ്, അൻസാർ എസ്. രാജ് തുടങ്ങിയവർ നേതൃത്വം നൽകി. മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഡിജിപി ഓഫിസിലെത്തും മുൻപ് പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.

Read More : വാര്‍ത്തയുടെ ഉറവിടം കണ്ടെത്താൻ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള പൊലീസ് നീക്കം; കെയുഡബ്ല്യൂജെ പ്രക്ഷോഭത്തിന്
 

click me!