കേരള പൊലിസിന്‍റെ ക്രൈം ഫയലിൽ ഇന്നും ഉത്തരം കിട്ടാത്ത ഒരു കേസാണ് മോഹനൻ തിരോധാനം
തിരുവനന്തപുരം: 50 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമായി ആര്യനാട് സ്വദേശി മോഹനനെ കാണാതായിട്ട് നാലു വർഷം പിന്നിടുന്നു. പേരൂർക്കട സഹകരണ സംഘത്തിൽ നിന്നും കൊവിഡ് കാലത്ത് പണയ സ്വർണവുമെടുത്ത് ആര്യനാടേക്ക് മടങ്ങും വഴിയാണ് സ്കൂട്ടറിൽ സഞ്ചരിച്ച മോഹനനെ കാണാതാകുന്നത്. പ്രത്യേക സംഘവും ക്രൈം ബ്രാഞ്ച് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല. കേരള പൊലിസിന്‍റെ ക്രൈം ഫയലിൽ ഇന്നും ഉത്തരം കിട്ടാത്ത ഒരു കേസാണ് മോഹനൻ തിരോധാനം. പേരൂർക്കടയിൽ നിന്നും സ്വർണവും പണവുമായി സ്കൂട്ടറിൽ ആര്യനാടേക്ക് പുറപ്പെട്ട മോഹനൻ കരകുളം പാലത്തിനടത്തുവരെ എത്തിയതിന് തെളിവുണ്ട്. മോഹനൻ കരകുളം പാലത്തിലെത്തുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. പക്ഷെ പിന്നെ മോഹൻ എങ്ങോട്ടോ പോയെന്ന് ആർക്കുമറിയില്ല.
undefined
വിശദ വിവരങ്ങൾ ഇങ്ങനെ
2020 മെയ് എട്ടിനാണ് സംഭവം നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുള്ള കാലമായിരുന്നതിനാൽ തന്നെ റോഡിൽ കുറച്ചുവാഹനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മോഹനൻ ജോലിചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കൊണ്ടുവരുന്ന ആഭരണങ്ങളെല്ലാം പണയം വച്ചിരുന്നത് പേരൂർക്കട സർവ്വീസ് സഹകരണ ബാങ്കിലാണ്. ഇവിടെ നിന്നും 50 പവൻ സ്വർണലും ഒരു ലക്ഷം രൂപയുമെടുത്ത് രാവിലെ 10 മണിക്ക് ശേഷം മോഹനൻ ആര്യനാടേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. മോഹനൻ തിരിച്ചെത്താത്തതിനാൽ സ്ഥാപന ഉടമ വീട്ടുകാരെും പൊലിസിനെയും വിവരം അറിയിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ആര്യനാട് പൊലിസാണ് അന്വേഷണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കരകുളംവരെ മോഹനനെത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പക്ഷേ പിന്നെ സ്കൂട്ടറുമില്ല, മോഹനനുമില്ല. ഒരു തെളിവും കിട്ടിയുമില്ല.
കരളകുളം പാലം വഴി നേരേ പോയാൽ നെടുമങ്ങാട് എത്താം. ഈ വഴി പൊലിസ് നടന്ന് പരിശോധന നടത്തി, ഒന്നും കണ്ടെത്തിയില്ല. മറ്റൊരു ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടുത്തെ കക്കൂസ് മാലിന്യം വരെ നീക്കം ചെയ്ത് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
മോഹനന് സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നില്ല, കുടുംബാംഗങ്ങളുയും സ്ഥാപന ഉടമയുടെയും കോളുകളില്ലാതെ മറ്റാരുടെയും ഫോണും വന്നിട്ടില്ല. സാമ്പത്തിക പശ്ചാത്തലവും മോശമല്ല. ഇതിലും കൂടുതൽ സ്വർണവും പണവും നേരത്തെ മോഹനൻ കൊണ്ടുപോയിരുന്നു. മോഹനൻ ഒളിവിൽ പോകാനുള്ള സാധ്യത മങ്ങിയപ്പോള്‍ അപായപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലേക്ക് പൊലിസ് കടന്നു. ആദ്യം പ്രത്യേക സംഘവും പിന്നിട് ക്രൈം ബ്രാഞ്ചിലേക്കും കേസ് കൈമാറി. സ്വർണ പണ ഇടപാട് നടത്തുന്ന മോഹനന്‍റെ പഴയൊരു സുഹൃത്തിലേക്ക് അന്വേഷണം നീണ്ടു. മോഹനൻ സഞ്ചരിച്ച വഴിക്ക് അരികിലാണ് സുഹൃത്തിന്‍റെ വീട്. ഈ വീട്ടിൽ നിന്നും ഫൊറൻസിക് സാമ്പിളുകള്‍ ശേഖരിച്ചു. രക്തക്കറയുള്‍പ്പെടെ ഈ വീട്ടിൽ നിന്നും ലഭിച്ചപ്പോള്‍ പൊലിസിന് പ്രതീക്ഷയായി. പക്ഷെ ഫൊറൻസിക് ഫലം പൊലിസിന്‍റെ പ്രതീക്ഷ കെടുത്തി. ഫൊറൻസിക് സാമ്പിളുകളൊന്നം മോഹനന്‍റേതുമായി ചേരുന്നില്ല. ഗുണ്ടാസംഘങ്ങളെയും സ്വർണം പൊട്ടിക്കൽ സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. ഇതേവരെ തുമ്പുണ്ടായില്ല. ഇനി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് പൊലിസ്. ഏതെങ്കിലും കണ്ടെയ്നർ ലോറിയിൽ വാഹനത്തോടെ മോഹനനെ കയറ്റികൊണ്ടുപോകാനുള്ള സാധ്യത പോലും പൊലിസ് പരിശോധിച്ചു. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാൽ അതിർത്തികളിൽ പൊലിസിന്‍റെ വാഹനപരിശോധന ഉണ്ടായിരുന്നതിനാൽ ആ സാധ്യതയും പൊലിസ് ഇപ്പോള്‍ തള്ളുകയാണ്. ഈ കാലമത്രയും ഒരു ഫോണ്‍കോള്‍ പോലും കുടുംബാഗങ്ങള്‍ക്ക് വന്നിട്ടില്ല. മോഹനനെ കണ്ടതായുള്ള ഒരു വിവരവും ആരും വിളിച്ചു പറഞ്ഞിട്ടുമില്ല. ഇനി സി ബി ഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഒരു സാധാരണക്കാരൻ, ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ഒരാള്‍ അപ്രത്യക്ഷനാകുന്നു. മോഹനൻ സ്വർണവുമായി കടന്നതാണോ, ആരെങ്കിലും ഇപ്പോഴും ഒളിപ്പിച്ചിട്ടുണ്ടോ, അതോ അപായപ്പെടുത്തിയോ.എവിടെയാണ് മോഹനൻ. ചോദ്യത്തിന് ഉത്തരമില്ല. ആ ഉത്തരം എപ്പോൾ ലഭിക്കുമെന്ന കാത്തിരിപ്പിലാണ് ഏവരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം