'റെക്കോർഡ് വേഗത, കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ചരിത്രനേട്ടം'; 23 ദിവസത്തിൽ ബിരുദഫലം പ്രഖ്യാപിച്ചതിൽ മന്ത്രി

By Web Team  |  First Published May 17, 2024, 7:08 PM IST

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ നടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് കുതിപ്പ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി.


തിരുവനന്തപുരം: റെക്കോര്‍ഡ് വേഗത്തില്‍ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വ്വകലാശാലയുടേത് ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. 23 പ്രവൃത്തി ദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം സര്‍വ്വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. 

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ നടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് കുതിപ്പ് നടത്തിയിരിക്കുന്നത്. ഫാള്‍സ് നമ്പറിങ് ഒഴിവാക്കാന്‍ ഉത്തരക്കടലാസിലെ ബാര്‍ കോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാന്‍ തപാല്‍ വകുപ്പുമായി സഹകരണം, മാര്‍ക്ക് രേഖപ്പെടുത്താന്‍ ആപ്പ്, ഉത്തരക്കടലാസുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും പുനര്‍ മൂല്യനിര്‍ണയത്തിനായി എളുപ്പത്തില്‍ തിരിച്ചെടുക്കാനും ഡിജിറ്റല്‍ സ്റ്റോറേജ്, സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ് സംവിധാനം എന്നിവയിലൂടെയാണ് സര്‍വ്വകലാശാല ഈ മികവ് കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി ബിന്ദു അറിയിച്ചു. 

Latest Videos

സാങ്കേതികവിദ്യയ്‌ക്കൊപ്പം അധ്യാപകരും ജീവനക്കാരും അവരുടെ ജോലികള്‍ യഥാസമയം ചെയ്തതും അതിവേഗ ഫലപ്രഖ്യാപനത്തിന് സഹായകമായി. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും. അധ്യാപകരേയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

'മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം
 

click me!