'ഉടമസ്ഥനില്ല, പക്ഷേ പാറ പൊട്ടുന്നു, ലോഡുകളും പോകുന്നു'; കട്ടപ്പനയിൽ ഒരു മാസത്തിൽ കടത്തിയത് 1300 ലോഡിലധികം

By Web Team  |  First Published Oct 12, 2024, 8:33 AM IST

കഴിഞ്ഞ ദിവസം വരെ പ്രവർത്തിച്ചിരുന്ന മടയിൽ നിന്നും ഒരു മാസം കൊണ്ട് 1300 ലോഡിലധികം പാറ പൊട്ടിച്ച് കടത്തിയതായി മൈനിംഗ് ആൻറ് ജിയോളജി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.


ഇടുക്കി: കട്ടപ്പനക്കടുത്തുള്ള അനധികൃത പാറമടകളിൽ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും സംയുക്ത പരിശോധന നടത്തി. പാറമടകളുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ റവന്യൂ വകുപ്പ് കൈമാറാത്തതിനാൽ നടപടിയെടുക്കാനാകാതെ പ്രതിസന്ധിയിലിരുന്നു മൈനിംഗ് ആൻറ് ജിയോളജി വകുപ്പ്.  ഇതിൽ വ്യക്തത വരുത്തുന്നതിനായിരുന്നു സംയുക്ത പരിശോധന. ഇടുക്കിയിലെ കട്ടപ്പനക്ക് സമീപം കറുവാക്കുള്ളത്ത് മാത്രം മൂന്ന് പാറമടകളാണ് പ്രവർത്തിച്ചിരുന്നത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ചുളള പാറമടകളുടെ പ്രവർത്തനം സംബന്ധിച്ച മാധ്യമ വാർത്തകൾ വന്നിരുന്നു.

കഴിഞ്ഞ ദിവസം വരെ പ്രവർത്തിച്ചിരുന്ന മടയിൽ നിന്നും ഒരു മാസം കൊണ്ട് 1300 ലോഡിലധികം പാറ പൊട്ടിച്ച് കടത്തിയതായി മൈനിംഗ് ആൻറ് ജിയോളജി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. സർക്കാരിന് റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായിരിക്കുന്നത്. അനധികൃത പാറമടകൾക്കെതിരെ നടപടിയെടുക്കാൻ ഭൂമിയുടെ ഉടമസ്ഥൻ ആരെന്ന് കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് കളക്ടർക്ക് പലതവണ കത്ത് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന് മറുപടി നൽകിയിട്ടില്ല. 

Latest Videos

undefined

സംയുക്ത പരിശോധനയിൽ ഏലകൃഷിക്കായി പാട്ടത്തിന് നൽകിയ കുത്തകപ്പാട്ട ഭൂമിയിലാണ് കറുവാക്കുളത്തെ പാറമടകളിലൊന്ന് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് രണ്ടെണ്ണം സർക്കാർ ഭൂമിയിലാണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിൽ വിവിധ ഭാഗത്ത് അനധികൃതമായി പ്രവ‍ർത്തിക്കുന്ന 30 ലധികം പാറമടകളുടെ ഭൂമി സംബന്ധിച്ച രേഖകൾ മൈനിംഗ് ആൻറ് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 20 എണ്ണം തങ്കമണി, ഉപ്പുതോട് എന്നീ വില്ലേജുകളിലാണ്. 

പട്ടയ വ്യവസ്ഥ ലംഘിച്ച് പാറ ഖനനം നടത്തിയാൻ റവന്യൂ വകുപ്പിന് കേസെടുക്കാനാകും. എന്നാൽ പാറമട ലോബിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങി റവന്യൂ വകുപ്പ് കണ്ണടക്കുകയാണ്. ഇടുക്കി ഭൂരേഖ തഹസിൽദാർ മിനി കെ. ജോൺ, മൈനിംഗ് ആൻറ് ജിയോളജി വകുപ്പ് അസിസ്റ്റൻറ് ജിയോളജിസ്റ്റ് ശബരി ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More : വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ; വിനോദ സഞ്ചാരികള്‍ പാറക്കെട്ടിൽ കുടുങ്ങി, രക്ഷകരായി അഗ്നിശമന സേന 

click me!