എരണ്ടകൾ, കൊക്കുകൾ, നീലക്കോഴി, കരിയാള എന്നിവയെ കാണാനില്ല, കോൾ പാടങ്ങളിലേക്ക് വരാൻ മടിച്ച് ദേശാടനകിളികൾ

By Web Desk  |  First Published Jan 8, 2025, 7:43 AM IST

ആകെ പക്ഷികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടെങ്കിലും അപകടകരമായ രീതിയിൽ ചിലയിനം ദേശാടന കിളികളെ കാണാനില്ലെന്ന് സർവേ


തൃശൂർ: തൃശൂരിലെ കോൾ പാടങ്ങളിലേക്ക് തിരികെ വരാൻ മടിച്ച് ദേശാടനകിളികൾ. ഏഷ്യൻ വാട്ടർബേഡ് സെൻസസ്സിന്റെ ഭാഗമായി കോൾ ബേഡേഴ്സ് കളക്റ്റീവ് തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിൽ നടന്ന മുപ്പത്തിനാലാമത് നീർപ്പക്ഷിസർവ്വെയിൽ തൊമ്മാന, തൊട്ടിപ്പാൾ, മനക്കൊടി, പാലയ്ക്കൽ, ഏനമാവ്, പുള്ള്-മനക്കൊടി, അടാട്ട്, കാഞ്ഞാണി, മാറഞ്ചേരി, ഉപ്പുങ്ങൾ തുടങ്ങി പതിനൊന്നോളം കോൾമേഖലകളിൽ നടത്തിയ സർവ്വെയിൽ 95 ഇനങ്ങളിലായി 14249 നീർപക്ഷികളെ രേഖപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് ആകെ പക്ഷികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എരണ്ടകൾ, കൊക്കുകൾ, കരിയാള, നീലക്കോഴി എന്നിവയുടെ എണ്ണത്തിൽ ഈ വർഷവും എണ്ണത്തിൽ ആശങ്കാജനകമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

(2018-33499,  2019-27519, 2020-22049, 2021-16634, 2022-15959, 2023-9904, 2024-13697).  പത്ത് വർഷം മുമ്പ് നടന്നിരുന്ന സർവ്വെകളിൽ അമ്പതിനായിരത്തിലധികം പക്ഷികൾ രേഖപ്പെടുത്തിവന്നിരുന്ന സർവ്വെയിൽ കോൾപ്പാടത്തെ കൃഷിക്രമീകരണങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ദേശാടന പക്ഷികളുടെ വരവിനെ ബാധിക്കുന്നുണ്ടെന്നും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും മുതിർന്ന പക്ഷിനിരീക്ഷകർ അഭിപ്രായപ്പെട്ടു.  

Latest Videos

ലോകത്തെ വേഗം കൂടിയ പരുന്തിനത്തിൽപ്പെട്ട കായൽപുള്ള് (Peregrine Falcon), കരിവാലൻ പുൽകുരുവി (Pallas's Grasshopper Warbler), വലിയ വരമ്പൻ (Richard's Pipit), വലിയപുള്ളിപ്പരുന്ത് (Greater Spotted Eagle), ചെറിയപുള്ളിപ്പരുന്ത് (Indian Spotted Eagle), കരിന്തലയൻ മീൻകൊത്തി (Black-capped Kingfisher), വയൽക്കണ്ണൻ (Indian Thick-knee), കടൽക്കാട (Curlew Sandpiper), വാൾക്കൊക്കൻ (Eurasian Curlew), ചുകന്ന നെല്ലിക്കോഴി (Ruddy-breasted Crake), മഴക്കൊച്ച (Cinnamon Bittern), ചാരത്തലയൻ തിത്തിരി (Grey-headed Lapwing) എന്നിവയെ ഈ വർഷത്തെ സർവ്വെയിൽ കണ്ടെത്തി.

കോൾപ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോൾ ബേഡേഴ്സ് കളക്റ്റീൻ്റെ ആഭിമുഖ്യത്തിൽ കാർഷിക സർവ്വകലാശാലയുടെയും കേരള വനം-വന്യജീവി വകുപ്പിന്റെ പിന്തുണയോടെ വിവിധ പരിസ്ഥിതി കൂട്ടായ്മകളുടെയും പക്ഷിനിരീക്ഷകരുടെയും സഹകരണത്തോടെയാണ് സർവ്വെ സംഘടിപ്പിച്ചത്. സർവ്വെയ്ക്ക് ശേഷം ഓൺലൈനിൽ സംഘടിപ്പിച്ച യോഗത്തിൽ കാർഷിക സർവ്വകലാശാല കാലാവസ്ഥ വ്യതിയാന പരിസ്ഥിതിശാത്ര കോളേജ് ഡീൻ ഡോ. പി.ഓ നമീർ പക്ഷിനിരീക്ഷകരെ അഭിസംബോധനചെയ്തു സംസാരിച്ചു. സർവ്വെയ്ക്ക് മുന്നോടിയായി നടന്ന നീർപക്ഷികളെക്കുറിച്ചും സർവ്വെയെക്കുറിച്ചുമുള്ള പഠനക്ലാസ് ഡോ.മാലിക്ക് ഫാസിൽ, അർജുൻ സുരേഷ്, അഭിൻ എം സുനിൽ, മനോജ് കരിങ്ങാമഠത്തിൽ എന്നിവർ ക്ലാസുകൾ എടുത്തു.

പറവകൾക്ക് പ്രിയം ഗുജറാത്ത്, പറന്നെത്തിയത് 20 ലക്ഷം ദേശാടന കിളികൾ

സി.പി.സേതുമാധവൻ, ജയ്ദേവ് മേനോൻ, , മിനി ആന്റോ, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, ലതീഷ് ആർ. നാഥ്, അരുൺ ജോർജ്, വിവേക് ചന്ദ്രൻ,മനോജ് കുന്നമ്പത്ത്, അജീഷ് ലാൽ, അഭിൻ എം സുനിൽ, സുബിൻ മനക്കൊടി, മനോജ് കരിങ്ങാമഠത്തിൽ, പ്രശാന്ത് എസ്, നിഥീഷ് കെ.ബി, ജോസഫ് ചിറ്റിലപ്പിള്ളി, അദിൽ നഫർ എ, മാലിക്ക് ഫാസിൽ, നസ്രുദ്ധീൻ, അരുൺ ഭാസ്കർ,സച്ചിൻ കൃഷ്ണ, സ്നേഹ ബിനിൽ, റഹ്മാൻ, വിഷ്ണു ബി ആർ, അർജുൻ സുരേക്ഷ്, അനിരുദ്ധൻ മുതുവറ  തുടങ്ങി നൂറ്റിനാല്പതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു. വനശാസ്ത്രകോളേജ്, കാലാവസ്ഥാ വ്യതിയാന പഠനകോളേജ്, വയനാട് പൂക്കോറ്റ് വെറ്റിനറി കോളേജ് തുടങ്ങി ജില്ലയിലെ വിവിധ കോളേജിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!