കെഎസ്ആർടിസി ബസിൽ അതിഥി തൊഴിലാളികളുടെ വൺഡേ ട്രിപ്പ്. പങ്കെടുത്തത് 42 പേർ.
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും ആനവണ്ടിയിൽ വാഗമണിലേക്ക് വിനോദയാത്ര നടത്തി അതിഥി തൊഴിലാളികൾ. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം നടപ്പാക്കിയതിന് ശേഷം ജില്ലയിൽ നിന്നും ആദ്യമായാണ് അതിഥി തൊഴിലാളികളുടെ ആനവണ്ടി വിനോദയാത്രയെന്ന് കോ -ഓർഡിനേറ്റർ രാഹുൽ പറയുന്നത്. 42 പേർ അടങ്ങുന്ന സംഘം ഇന്നലെ പുലർച്ചെ 3നാണ് യാത്ര തിരിച്ചത്. വാഗമൺ, പൈൻ ഫോറസ്റ്റ്, പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം രാത്രി 12 ഓടെ വിഴിഞ്ഞത്ത് തിരികെ എത്തി. ഒരാൾക്ക് 990 രൂപ മാത്രമാണ് വിനോദയാത്രയ്ക്ക് ചെലവായത്. ഇവർക്കുള്ള ഭക്ഷണവും ഈ തുകയിൽ ഉൾപ്പെടും. സഞ്ചാരികളുടെ ആവശ്യാനുസരണം ബിരിയാണിയോ ഊണോ കഴിക്കാം.
വിഴിഞ്ഞത്തു നിന്നും രണ്ടാമത്തെ വിനോദയാത്രയാണ് വാഗമണിലേക്ക് നടന്നത്. ആദ്യയാത്ര പ്രദേശവാസികളുമായാണ് പോയത്. സ്കൂൾ കുട്ടികളുമായും നാട്ടുകാരുമായും പൊൻമുടിയാത്രകളും നടത്തിയിട്ടുണ്ട്. അടുത്ത യാത്ര ജനുവരി 26ന് വാഗമണിലേക്ക് നടത്താനാണ് പദ്ധതി. കണ്ടക്ടറായിരുന്ന രാഹുൽ നിലവിൽ ബഡ്ജറ്റ് ടൂറിസത്തിൻ്റെ കോ -ഓർഡിനേറ്ററാണ്. ഉച്ചക്കട സ്വദേശിയായ രാഹുലിന് തോന്നിയ ആശയമാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്ര. ബസിലോ ട്രയിനിലോ കുറഞ്ഞ ചെലവിൽ എത്തിപ്പെടാൻ സാധിക്കില്ലന്നും ഈ സ്ഥലങ്ങളുടെ മനോഹാരിതയെക്കുറിച്ചും തൊഴിലാളികളെ ബോധ്യപ്പെടുത്തിയതോടെ അവർ മുന്നിട്ടിറങ്ങി.
യാത്രയ്ക്കു വേണ്ട ഒരുക്കങ്ങൾക്ക് രാഹുൽ നേതൃത്വം നൽകി. സ്പെഷ്യൽ ബസ് ഇല്ലാത്തതിനാൽ ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ബ്ലൂ ടൂത്ത് സ്പീക്കർ ഉൾപ്പെടെ സ്വന്തം വീട്ടിൽ നിന്നും എടുത്ത് ബസിൽ സജ്ജീകരിച്ചു. നാഗർകോവിലേയ്ക്കുള്ള സർവീസ് റദ്ദാക്കിയാണ് ഇവർക്ക് വിനോദ സഞ്ചാരത്തിന് തയ്യാറാക്കിയത്. വിഴിഞ്ഞത്ത് സ്പെഷ്യൽ ബസ് ലഭ്യമായാൽ ബാഗുകൾ വയ്ക്കുന്ന റാക്കുൾപ്പെടെ ഉറപ്പിച്ച് സ്ഥിരം വിനോദ യാത്രാ സംവിധാനം ഉണ്ടാക്കാൻ കഴിയുമെന്ന് രാഹുൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം