പണം വാങ്ങി പരസ്യ ബോര്‍ഡ് വെച്ചിടത്ത് തലങ്ങും വിലങ്ങും ഇലക്ഷൻ പോസ്റ്റർ, മേയർക്ക് സഹിച്ചില്ല, കളക്ടർക്ക് കത്ത്

By Web Team  |  First Published Feb 29, 2024, 6:52 PM IST

. ഒരു കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് പരസ്യ വരുമാനത്തിലൂടെ കോര്‍പ്പറേഷന് ലഭിക്കുന്നത് പ്രതിമാസം പതിനായിരം രൂപയായിരുന്നു. 


തൃശൂർ : തിരഞ്ഞെടുപ്പ് പോസ്റ്റർ പൊതു ഇടങ്ങളിൽ പതിച്ച് മലിനമാക്കുന്നതായി തൃശൂർ മേയർ എം.കെ. വർഗീസ്. പോസ്റ്റർ ഒട്ടിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. കോര്‍പ്പറേഷന്‍ പണം വാങ്ങി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പോസ്റ്റര്‍ ഒട്ടിച്ചതാണ് മേയറെ ചൊടിപ്പിച്ചത്. സ്വരാജ് റൗണ്ടിലടക്കം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറന്നത് മേയറുടെ സ്വന്തം പദ്ധതിയായിരുന്നു. ഒരു കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് പരസ്യ വരുമാനത്തിലൂടെ കോര്‍പ്പറേഷന് ലഭിക്കുന്നത് പ്രതിമാസം പതിനായിരം രൂപയായിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതല്‍ കളി മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ കിട്ടുന്ന എല്ലായിടത്തും തലങ്ങും വിലങ്ങും പോസ്റ്ററൊട്ടിച്ചു.ടെണ്ടറെടുത്ത് കോര്‍പ്പറേഷന് പണം നല്‍കിയ പരസ്യ ദാതാക്കള്‍ വാളെടുത്തതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ർക്ക് കത്ത് നല്‍കിയത്. ടെണ്ടര്‍ ചെയ്തു നല്‍കിയിട്ടുള്ള ഡിവൈഡറുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനെതിരെ നടപടി എടുക്കണമെന്നാണാവശ്യം. 

Latest Videos

undefined

കളക്ടര്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളെ സമീപിക്കുമെന്നും മേയര് പറയുന്നു. എല്‍ഡിഎഫും യുഡിഎഫും ബലാബലം വന്നപ്പോള്‍ സ്വതന്ത്രനായ എം.കെ. വര്‍ഗീസിനെ മേയറാക്കി എല്‍ഡിഎഫ് പിടിച്ചതാണ് കോര്‍പ്പറേഷന്‍ ഭരണം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മേയര്‍ നടത്തുന്ന പോസ്റ്റര്‍ യുദ്ധത്തില്‍ ഇടതുമുന്നണി എന്ത് നിലപാടെടുക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്. 

 

 

 

click me!