അനക്കം പോലുമില്ലാതെ അവശനിലയിൽ കണ്ടെത്തിയ ഇരുതലമൂരിക്ക് അപൂർവ്വയിനം ക്യാൻസർ. തിരുവനന്തപുരം മൃഗശാലയിലെ പുതിയ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സയോട് പ്രതികരിച്ച് ഇരുതലമൂരി
തിരുവനന്തപുരം: അവശനിലയിൽ വനംവകുപ്പ് കണ്ടെത്തിയ ഇരുതല മൂരിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർവ ഇനം ട്യൂമർ. റെഡ് സാൻഡ് ബോവ ഇനത്തിലുള്ള ഇരുതല മൂരി തീറ്റ പോലും എടുക്കാത്ത സാഹചര്യത്തിലാണ് ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയ്ക്കായി എത്തിച്ചത്. ഒക്ടോബർ ആദ്യ ആഴ്ചയാണ് ഇരുതല മൂരിയെ മൃഗശാലയിലെത്തിച്ചത്. തീറ്റയെടുക്കാതെ വന്നതോടെ വായിലൂടെ ട്യൂബിട്ട് ഭക്ഷണം നൽകാനുള്ള ശ്രമിക്കുമ്പോഴാണ് വായിൽ ഒരു വളർച്ച ശ്രദ്ധിക്കുന്നത്. ഉടനേ തന്നെ ഇതന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് ഇത് ട്യൂമറാണെന്ന് വ്യക്തമായത്. ഫൈൻ നീഡിൽ ആസ്പിരേഷൻ ടെസ്റ്റ് എന്ന രീതിയിലായിരുന്നു സാംപിൾ ശേഖരിച്ചത്.
മാസ്റ്റ് സെൽ ട്യൂമർ എന്ന ഇനം ക്യാൻസറായിരുന്നു നാല് വയസ് പ്രായമുള്ള ആൺ ഇരുതലമൂരിയെ ബാധിച്ചത്. അടുത്ത ആഴ്ച മുതൽ തന്നെ ചികിത്സ തുടങ്ങാനായി മുംബൈയിലെ ക്യാൻസർ റിസർച്ച് സെന്ററിന്റെ നിർദ്ദേശം തേടിയിരുന്നു. എന്നാൽ മാസ്റ്റ് സെൽ ട്യൂമറ് ബാധിച്ച മൃഗങ്ങള് ചികിത്സയോട് കാര്യമായി പ്രതികരിച്ചു കണ്ടില്ലെന്നായിരുന്നു തിരുവനന്തപുരം മൃഗശാലയിലെ ആരോഗ്യ വിദഗ്ധർക്ക് ലഭിച്ചത്.
undefined
പ്രതീക്ഷ കൈവിടാതിരുന്ന ആരോഗ്യ വിദഗ്ധർ ഒക്ടോബർ 14ഓടെ ചികിത്സ ആരംഭിച്ചു. കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന സൈക്ലോഫോസ്ഫോമേഡ് എന്ന ഇൻജക്ഷനാണ് ഇരുതല മൂരിക്ക് നൽകിയത്. പുതിയ പ്രോട്ടോക്കോൾ കണ്ടെത്തിയായിരുന്നു ഇതെന്നാണ് മൃഗശാലയിലെ വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്.
മൂന്നാഴ്ച കൊണ്ട് തന്നെ ഇരുതലമൂരി ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിച്ച് തുടങ്ങി. നല്ല രീതിയിൽ തന്നെ വായിലെ ട്യൂമർ കുറയുകയും ചെയ്തു. സിടി പരിശോധന നടത്തിയപ്പോൾ ക്യാൻസർ പടരുന്നതിലും വലിയ രീതിയിലുള്ള കുറവുണ്ടെന്ന് വ്യക്തമായി. മൃഗങ്ങളിൽ എല്ലാ തരത്തിലുള്ള ക്യാൻസർ വരാറുണ്ട്. മുംബൈയിൽ മൃഗങ്ങളിലെ ക്യാൻസർ ചികിത്സയ്ക്കായി മാത്രം പ്രവർത്തിക്കുന്ന ക്യാൻസർ വെറ്റ് എന്ന ആശുപത്രിയിലെ ക്യാൻസർ വിദഗ്ധൻ ഡോ നുപൂർ ദേശായിയുടെ നിർദ്ദേശത്തിന്റെ സഹായത്തോടെയാണ് ഇരുതലമൂരിക്ക് തിരുവനന്തപുരത്ത് ചികിത്സ നൽകിയതെന്നും ഡോ നികേഷ് കിരൺ വിശദമാക്കുന്നത്.
Read More മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇറച്ചി അറുത്തെടുത്തു, ബീച്ചിലെത്തിയവർ കണ്ടത് ഡോൾഫിന്റെ മൃതദേഹം
മാസ്റ്റ് സെൽ ട്യൂമറിന് പുതിയൊരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ ഈ സംഭവം സഹായകരമാകുമെന്നാണ് ഡോ നികേഷ് കിരൺ പറയുന്നത്. ഇരുതല മൂരി സ്വന്തമായി ഭക്ഷണം കഴിക്കാൻ ആരംഭിച്ചാൽ ഇതിനെ മൃഗശാലയിലെ അംഗമായി എടുക്കുമെന്നും ഡോ നികേഷ് വിശദമാക്കുന്നു. നിലവിൽ ഇരുതല മൂരി ചലിക്കാൻ ആരംഭിച്ചിട്ടുണ്ട് എന്നാൽ ഭക്ഷണം ഇപ്പോഴും ട്യൂബിലൂടെയാണ് നൽകുന്നതെന്നും ഡോ നികേഷ് പ്രതികരിച്ചു. സ്വന്തമായി ഇരുതല മൂരി ഭക്ഷണം കഴിക്കുന്നതോടെ പൂർണമായ ക്യാൻസർ മുക്തി നേടിയെന്ന് കണക്കാക്കാനാവുമെന്നും ഇദ്ദേഹം വിശദമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം