വാഹനത്തിലിരുന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാക്കൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്.
കോഴിക്കോട്: കോഴിക്കോട് പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ എത്തിയ സംഘം എംഡിഎംഎ ഉപയോഗിക്കുന്നത് പിടികൂടാന്‍ ശ്രമിച്ച പൊലീസിനെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലുണ്ടായിരുന്ന പേരാമ്പ്ര ആയഞ്ചേരി സ്വദേശി കുനിയില്‍ കിഴക്കയില്‍ നജീദ്(33) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെ പെരുവണ്ണാമൂഴി പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവമുണ്ടായത്. കെഎല്‍ 18 ക്യു 730 െന്ന നമ്പറിലുള്ള ഫോര്‍ച്യൂണര്‍ കാറിലെത്തിയ ആറംഗ സംഘം, വാഹനത്തിലിരുന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാക്കൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ശാന്തിപ്പാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നജീദ് പിടിയിലായത്. എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ടംബ്ലറും ഇയാളില്‍ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.