'കൊല്ലം സ്വദേശി ദേവനാരായണൻ', ആൾമാറാട്ടം നടത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡനം; പൊലീസുകാരന് തടവ് ശിക്ഷ

By Web TeamFirst Published Oct 19, 2024, 1:37 PM IST
Highlights

ദേവനാരായണൻ എന്ന് സ്വയം പരിചയപ്പെടുത്തിയ കൊല്ലം എആർ ക്യാപിലെ വിവാഹിതൻ കൂടിയായ സുഭാഷാണ് പാണ്ടിക്കാട് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച് പീഡിപ്പിച്ചത്

മലപ്പുറം: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി 2 ആണ് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് 11 വർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടിൽ സുഭാഷിനെയാണ് (38) ജഡി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വർഷം കഠിന തടവും 25, 000 രൂപ പിഴയുമാണ് ശിക്ഷ. 

ഇതിനു പുറമെ ആൾമാറാട്ടം നടത്തി വഞ്ചിച്ചതിന് ഒരു വർഷത്തെ കഠിന തടവും അനുഭവിക്കണം. കൊല്ലം എ.ആർ ക്യാംപിലെ പൊലീസുകാരനായ പ്രതി സാമൂഹിക മാധ്യമത്തിലൂടെയാണ് പാണ്ടിക്കാട് സ്വദേശിനിയായ 23കാരിയുമായി പരിചയത്തിലാവുന്നത്. ദേവനാരായണൻ എന്ന് സ്വയം പരിചയപ്പെടുത്തിയ വിവാഹിതനായ പ്രതി യുവതിയോട് പ്രണയം നടിച്ച് മഞ്ചേരിയിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി യുവതിയുടെ കഴുത്തിൽ താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചു. പിന്നീട് 2015 സെപ്റ്റംബറിൽ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. 

Latest Videos

പാണ്ടിക്കാട് പൊലീസിലാണ് യുവതി പരാതി നൽകിയതെങ്കിലും കുറ്റകൃത്യം നടന്നത് മഞ്ചേരിയിലായതിനാൽ കേസ് മഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. സബ് ഇൻസ്‌പെക്ടർമാരായ എസ്.ബി കൈലാസ്‌നാഥ്, കെ.എക്‌സ് സിൽവസ്റ്റർ എന്നിവർ അന്വേഷിച്ച കേസ് പിന്നീട് ഇൻസ്‌പെക്ടർമാരായ സണ്ണി ചാക്കോ, കെ എം ബിജു എന്നിവരാണ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. എ.എസ്.ഐ ആയിഷ കിണറ്റിങ്ങലായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫിസർ. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!