നവകേരള സദസിൽ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നൽകി കാത്തിരുന്ന നാലു വയസുകാരി അൻവിതക്ക് ആശ്വാസമേകി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് വന്നു
മാന്നാർ: നാട്ടിൽ കൊച്ചു കുട്ടികൾക്കടക്കം കളിക്കാനും ഉല്ലസിക്കാനും പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി നവകേരള സദസിൽ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നൽകി കാത്തിരുന്ന നാലു വയസുകാരി അൻവിതക്ക് ആശ്വാസമേകി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. മാന്നാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സായി സേവാ ട്രസ്റ്റ് പണികഴിപ്പിച്ച് പഞ്ചായത്തിന് കൈമാറിയിട്ടുള്ള 178 -ാം നമ്പർ അങ്കണവാടിക്ക് സമീപം കുട്ടികൾക്കുള്ള ചെറിയ കളിസ്ഥലത്തിനു ആവശ്യമായ സ്ഥലം ലഭ്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ് അയച്ച കത്ത് കഴിഞ്ഞ ദിവസം അന്‍വിതയെ തേടിയെത്തി.
മേൽസ്ഥലത്ത് കളിസ്ഥലം നിർമിച്ച് നൽകാമെന്ന് സായി സേവാ ട്രസ്റ്റ് വാക്കാൽ അറിയിച്ചിട്ടുണ്ടെന്നും ആയതിനാൽ അവർക്ക് നിർമാണ അനുമതി നൽകുകയോ അല്ലാത്തപക്ഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിൽ പറയുന്നു. നവകേരള സദസിൽ നൽകിയ അപേക്ഷയിന്മേൽ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നറിയിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കത്തയച്ചിരുന്നു.
undefined
മാസങ്ങളായിട്ടും നടപടികൾ ഇല്ലാതായതിനെ തുടർന്ന് ആഗസ്റ്റ് 22 ന് ആലപ്പുഴയിൽ നടന്ന തദ്ദേശ അദാലത്തിൽ പരാതി നൽകിയതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടിയെത്തിയത്. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുട്ടേമ്പേരൂർ കൈമാട്ടിൽ വീട്ടിൽ വിനീതിന്റെയും ആതിരയുടെയും മകളായ അൻവിത മാവേലിക്കര ബാംബിനോ കിഡ്സ് വേൾഡ് സ്കൂളിൽ ഇപ്പോൾ എൽ കെ ജി വിദ്യാർത്ഥിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം