ആളില്ലാത്ത നേരത്ത് 13 കാരിയെ ചെലൂരിലെ കടയിലേക്ക് വിളിച്ച് വരുത്തി, ലൈംഗികാതിക്രമം: 49 കാരന് കഠിന തടവും പിഴയും

By Web Desk  |  First Published Jan 4, 2025, 12:21 PM IST

പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പ്രതിയുടെ ചെലൂരിലെ കടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


മഞ്ചേരി: മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക്  നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് കഠിന തടവും പിഴയും വിധിച്ച് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി. വിവിധ വകുപ്പുകളിലായി ആറു വര്‍ഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയടക്കാനമാണ് കോടതി വിധിച്ചത്. കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ് ചെറുകാട്ടില്‍ അബ്ദുല്‍ ഹമീദിനെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 19നാണ് കേസിന്നാസ്പദമായ സംഭവം. 

പെൺകുട്ടിയെ പ്രതിയുടെ ചെലൂരിലെ കടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇന്ദിരാമണിയാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. അസി സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസന്‍ ഓഫീസര്‍.  

Latest Videos

പോക്‌സോ ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ് 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധിക തടവ്, കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസത്തെ അധിക തടവ്, കുട്ടിയെ തടഞ്ഞു വെച്ചതിന് ഒരു മാസത്തെ തടവ്, 500 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 10 ദിവസത്തെ തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതിയുടെ റിമാണ്ട് കാലയളവ് ശിക്ഷയായി പരിഗണിക്കുമെന്നും പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവതിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.  

Read More : എത്തിയത് വെളുപ്പിനെ, തലയിൽ ഹെൽമറ്റും; കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റിൽ നിന്നും കവർന്നത് 2.5 ലക്ഷം, അറസ്റ്റിൽ

click me!