സ്കൂട്ടറിൽ കടത്തുകയായിരുന്ന 112.60 ഗ്രാം എം ഡി എം എയുമായാണ് ഷക്കീൽ ഹര്‍ഷാദിനെ പൊലീസ് പിടികൂടിയത്
കോഴിക്കോട്: മയക്കുമരുന്ന് കേസിൽ യുവാവിന് 50 വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലിൽ ഷക്കീൽ ഹർഷാദിനെയാണ് ശിക്ഷിച്ചത്. 35 വയസുകാരനാണ് പ്രതി. കേസിൽ വാദം കേട്ട വടകര എൻ ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്നു കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണിത്. 2022 ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂട്ടറിൽ കടത്തുകയായിരുന്ന 112.60 ഗ്രാം എം ഡി എം എയുമായാണ് ഷക്കീൽ ഹര്‍ഷാദിനെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 99.98 ഗ്രാം മെത്തഫിറ്റമിൻ, 76.2 ഗ്രാം എം ഡി എം എ, എക്സ്റ്റസി പിൽസ്,7.38 ഗ്രാം എൽ എസ് ഡി, 9.730 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടികൂടിയിരുന്നു. ഇവയെല്ലാം കൈവശം വച്ചതിനും വിപണനം നടത്തിയതിനും ഉപയോഗിച്ചതിനുമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.