വലിയ തുക കുടിശിക വന്നാൽ കൂടുതൽ തുക അടയ്ക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോഴായിരുന്നു ആക്രമണം. കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
ഹരിപ്പാട്: ക്രെഡിറ്റ് കാർഡ് പെന്റിങ് വിവരങ്ങൾ സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി വടക്കു കായൽ വാരത്തു വീട്ടിൽ കിഷോറിനെ (39) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉദ്യോഗസ്ഥൻ കാർത്തികപ്പള്ളി സുധീർ ഭവനത്തിൽ കബീറിന് (39) ഗുരുതര പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡിന്റെ കുടിശ്ശികയുടെ കാര്യം സംസാരിക്കുന്നതിനായി ഉദ്യോഗസ്ഥൻ കിഷോറിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു അക്രമണം. സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ. "വീട്ടിൽ ഉണ്ടായിരുന്ന കിഷോറിനോട് കുടിശിക പെന്റിങ് ആയാൽ കൂടുതൽ തുക അടക്കേണ്ടിവരുമെന്ന് കബീർ പറഞ്ഞു. അപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന ലോഹ വസ്തു ഉപയോഗിച്ച് കബീറിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും ചെയ്തു".
undefined
നാട്ടുകാരുടെ ഇടപെടലോടെ ആണ് കബീർ രക്ഷപ്പെട്ടത്. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കിഷോർ. മുൻപ് ഒരു കേസിൽ പൊലീസിന്റെ പിടിയിലായപ്പോള്‍ റിവോൾവർ ഉൾപ്പെടെ ഇയാളിൽ നിന്നും പിടികൂടിയിരുന്നു. ഹരിപ്പാട്, തൃക്കുന്നപുഴ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, ഉദയകുമാർ, അനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് സിവിൽ പൊലീസ് ഓഫീസർമാരായ യേശുദാസ്, നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം