യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുത്ത സംഘം പിടിയിൽ
തൃശൂർ: നാട്ടിക സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ യുവതി അടക്കം പിടിയിൽ. പണവും മൊബൈൽഫോണും സ്വർണ മാലയും കവർച്ച നടത്തിയ പ്രതികളാണ് പിടിയിലായത്. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരാണ് പിടിയിലായത്. കേസിൽ മറ്റൊരാളെ കൂടി പിടികൂടാനുള്ളതായാണ് പൊലീസ് വിശദമാക്കിയത്.
ഡിസംബർ 23 ന് രാത്രി 9 നാണ് നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് ഇവർ വിളിച്ചുവരുത്തിയത്. യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങുന്നതിന് ചെന്ന യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് യുവാവ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിൽ വലപ്പാട് ഇൻസ്പെക്ടർ എം.കെ.രമേശ്, എസ്ഐ എബിൻ, എഎസ്ഐ റംല, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം