5000 രൂപയുടെ വാച്ച് ഉപയോഗിക്കാൻ വാങ്ങി, തിരികെ ചോദിച്ചപ്പോൾ മൂക്കിന്റെ പാലം ഇടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ

By Web Team  |  First Published Nov 9, 2023, 9:47 PM IST

കയ്യിലിടുന്ന സ്റ്റീൽ വള കൊണ്ട് ഹുസൈൻ മൂക്കിന് ഇടിച്ചെന്നാണ് റിയാസിന്‍റെ പരാതി. മൂക്കിന്റെ പാലം തകർന്നു. ശസ്ത്രക്രിയ നടത്തി


കണ്ണൂർ: കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാൻ വാങ്ങിയ വാച്ച് തിരികെ ചോദിച്ചതിന്  യുവാവിന്‍റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു. കേസിൽ കണ്ണൂരിൽ യുവാവ് അറസ്റ്റിലായി. ഇരിക്കൂർ സ്വദേശി മുഹമ്മദ് ഹുസൈനെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്ത് റിയാസിനെയാണ് ഹുസൈൻ ആക്രമിച്ച് മൂക്ക് ഇടിച്ച് പൊട്ടിച്ചത്.

ഇരിക്കൂർ പാമ്പുരുത്തി സ്വദേശി മുഹമ്മദ് ഹുസൈനും നിടുവളളൂരിലെ റിയാസും സുഹൃത്തുക്കളാണ്. മറ്റൊരു സുഹൃത്ത് റിയാസിന് സമ്മാനിച്ചതായിരുന്നു അയ്യായിരം രൂപയോളം വിലയുളള വാച്ച്. ഇത് കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാൻ ഹുസൈൻ വാങ്ങി. മാസം മൂന്ന് കഴിഞ്ഞിട്ടും പല തവണ ചോദിച്ചിട്ടും വാച്ച് ഹുസൈൻ തിരിച്ചുകൊടുത്തില്ല. ഒരു അടിപിടിക്കേസിന്‍റെ ഭാഗമായി കണ്ണൂർ കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ വാച്ചിനെ ചൊല്ലി ഹുസൈനും റിയാസും വാക്കേറ്റമുണ്ടായി.

Latest Videos

undefined

ഇരിക്കൂർ ടൗണിൽ വച്ചായിരുന്നു സംഭവം. ഇത് പിന്നീട് ഉന്തിലും തളളിലുമെത്തി. ഒടുവിൽ കയ്യിലിടുന്ന സ്റ്റീൽ വള കൊണ്ട് ഹുസൈൻ മൂക്കിന് ഇടിച്ചെന്നാണ് റിയാസിന്‍റെ പരാതി. മൂക്കിന്റെ പാലം തകർന്ന റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ റിയാസ് ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഹുസൈനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!