പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം; സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം, പ്രതി പിടിയിൽ

ഒൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഇയാള്‍ മുമ്പും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ടെന്ന് പൊലീസ്.  


കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ശക്തികുളങ്ങര സ്വദേശി സനൂജ്‌ മോൻ ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഒൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെ കടയിൽ പോയ ശേഷം വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഒൻപത് വയസ്സുകാരിയുടെ സമീപത്തായി ഇയാൾ മോട്ടോർ സൈക്കിൾ നിർത്തിയ ശേഷം കരുനാഗപ്പള്ളി മാളിയേക്കൽ ഭാഗത്തേക്കുള്ള വഴി ചോദിച്ചു. തുടർന്ന് പെൺകുട്ടി വഴി പറയുന്നതിനിടയിൽ ഇയാൾ ഉടുമുണ്ട് നീക്കി നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല ഭാഷയിൽ കുട്ടിയോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ സംഭവ സ്ഥലത്ത് നിന്നും ബൈക്കിൽ കടന്ന് കളയുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് കുടുംബം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 

Latest Videos

പെൺകുട്ടിയിൽ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് സംഘം സംഭവസ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയായ സനൂജിന്റെ ചിത്രവും വാഹന നമ്പറും കണ്ടെത്തി. എന്നാൽ വാഹന ഉടമയുമായി ബന്ധപ്പെട്ടപ്പോൾ ഏതാനും നാളുകൾക്ക് മുമ്പ് വാഹനം മറ്റൊരാൾക്ക് വിൽപ്പന നടത്തിയെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ വാഹനം വാങ്ങിയ ആളെ കണ്ടെത്തുകയയും പ്രതിയായ സനൂജിലേക്ക് എത്തുകയുമായിരുന്നു. പെൺകുട്ടി സനൂജിനെ തിരിച്ചറിഞ്ഞതോടെ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ, ഇതിന് മുമ്പും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് നഗ്നതാ പ്രദർശനം നടത്തിയിട്ടുള്ളതായ് പ്രതി സമ്മതിച്ചിട്ടുണ്ട്.  

click me!