പൊലീസുകാരന് ഫേസ്‍ബുക്കിലൂടെ ജാതി അധിക്ഷേപം, യുവാവ് അറസ്റ്റില്‍

By Web Team  |  First Published Sep 15, 2024, 9:50 AM IST

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വയനാട് എസ്.എം.എസ് യൂണിറ്റിന് കൈമാറുകയായിരുന്നു


കല്‍പ്പറ്റ: സാമൂഹിക മാധ്യമത്തിലൂടെ പോലീസുകാരനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചയാള്‍ അറസ്റ്റില്‍. വടക്കനാട് കിടങ്ങാനാട് തടത്തിക്കുന്നേല്‍ വീട്ടില്‍ ടി.കെ വിപിന്‍ കുമാറിനെയാണ് (35) എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം അബ്ദുള്‍കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീന ഗോത്ര ഭാഷയില്‍ രചിച്ച 'വല്ലി' എന്ന കവിത കോഴിക്കോട് സര്‍വ്വകലശാല ബിരുദാനന്തര ബിരുദ വിഭാഗം പാഠ്യവിഷയമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെക്കപ്പെട്ട വാര്‍ത്തക്ക് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ടതിനാണ് വിപിന്‍ കുമാറിനെതിരെ മീനങ്ങാടി പോലീസ് കേസെടുത്തത്. 

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വയനാട് എസ്.എം.എസ് യൂണിറ്റിന് കൈമാറുകയായിരുന്നു. 'Vipinkumar vipinkumar' എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ഇയാള്‍ മോശം കമന്റിട്ടിരുന്നന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വിപിന്‍ കുമാറാണ് ഈ അക്കൗണ്ട് ഉടമയെന്ന്  കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്കായി ഇയാളുടെ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!