ഫോണിലൂടെ വിശ്വാസം നേടി, കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒടുവിൽ പ്രതി പിടിയിൽ

By Web Team  |  First Published Feb 1, 2023, 9:38 PM IST

ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ലിയോയും മറ്റ് മൂന്ന് പേരും ചേർന്ന് അങ്കമാലി സ്വദേശിയായ യുവാവിൽ നിന്നും 5,59,563 രൂപയാണ് തട്ടിയെടുത്തത്


കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി മുരിക്കാശ്ശേരിയിലെ ലിയോ വി ജോർജ്ജിനെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ലിയോയും മറ്റ് മൂന്ന് പേരും ചേർന്ന് അങ്കമാലി സ്വദേശിയായ യുവാവിൽ നിന്നും 5,59,563 രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം നാല് പേരുടേയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി പണം കൈമാറ്റം ചെയ്യിക്കുകയായിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ ലിയോ മറ്റ് പല കേസുകളിലും പ്രതിയാണ്.

'അഞ്ച് മണിക്ക് തുടങ്ങരുത്', തലസ്ഥാന നഗരിയിൽ തട്ടുകടകൾക്ക് കർശന നിയന്ത്രണം; സമയക്രമം പാലിച്ചില്ലെങ്കിൽ നടപടി
 

Latest Videos

അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വിദേശത്ത് ഉപരിപഠനവും ജോലിയും വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന മുംബൈ മലയാളി സംഘത്ത തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തു എന്നതാണ്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ പേരിൽ വിവിധ വെബ് സൈറ്റുകൾ വഴി പരസ്യങ്ങൾ നൽകി, അതിൽ ആകൃഷ്ടരാകുന്നവരെ കുറഞ്ഞ സർവ്വീസ് ചാർജ്ജിലൂടെ തൊഴിലും മൈഗ്രേഷനും ഉൾപ്പെടെ വാഗ്ദാനം നൽകി പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ രീതി. ആദ്യഘട്ടത്തിൽ ഫോൺമുഖാന്തിരവും രണ്ടാം ഘട്ടത്തിൽ ഗുഗിൾമീറ്റ് വഴി വിദേശവനിതകളെ ഉപയോഗിച്ച് ഓൺലൈൻ ഇൻറർവ്യൂ നടത്തി വിശ്വാസം നേടിയെടുത്ത ശേഷം അപേക്ഷകർക്ക് ആകർഷകമായ സാലറി കാണിച്ചുള്ള വ്യാജ ഓഫർ ലെറ്റർ നൽകിയിരുന്നു. തുടർന്ന് വിവിധ എമിഗ്രേഷൻ നടപടികളുടെ ഭാഗമായാണെന്ന് അപേക്ഷകരെ വിശ്വസിപ്പിച്ചാണ്‌ വിവിധ ബാങ്കുകളുടെ UPID കളിലേയ്ക്കാണ് പ്രതികൾ പണം ശേഖരിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ യാത്ര ചെയ്ത് ആഡംബര അപ്പാർട്ടുമെൻറുകൾ ബിസിനസ് കാരാണെന്ന വ്യാജേന ദിവസ വാടകയ്ക്ക് എടുത്ത് അവിടത്തെ മേൽവിലാസങ്ങളാണ് DTNP വെബ് സൈറ്റിൽ ബ്രാഞ്ച് ഓഫീസുകളായി കാണിച്ചിട്ടുള്ളത്. ഈ മേൽവിലാസത്തിലുള്ള സിംകാർഡുകളും സൗജന്യ Wifi കണക്ഷനുകളുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിവൈസുകൾ നിശ്ചിത സമയത്തിന് ശേഷം നശിപ്പിച്ച് കളയുകയായിരുന്നു പതിവ്. ആലപ്പുഴ സ്വദേശിയായ ശ്രീരാഗ് കമലാസനൻ, കായംകുളം സ്വദേശി ജയിൻ വിശ്വംഭരൻ, തൃശ്ശൂർ സ്വദേശി സതീഷ്കുമാർ, തിരുവനന്തപുരം സ്വദേശി ആഷിക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ട് രേഖകൾ, വ്യജ വെബ്സൈറ്റ് നിർമ്മിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് എന്നിവയുൾപ്പെടെ നിരവധി സിംകാർഡുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

click me!