ആൻഡമാനിൽ വള്ളം മറിഞ്ഞ് മലയാളി സൈനികനെ കാണാതായിട്ട് 5 ദിവസം; തെരച്ചിലിന് സൈനിക സഹായം തേടി കുടുംബം

5 എൻജിനിയർ റെജിമെന്റിലെ ഹവിൽദാർ ആയിരുന്ന ശ്രീജിത്തിനെയാണ് ഞായറാഴ്ച മുതൽ കാണാതായത്. ജമ്മു കശ്മീമീരിലെ 54 രാഷ്ട്രീയ റൈഫിൾസിലെ സേവനത്തിന് ശേഷം ആൻഡമാനിൽ അവധിക്ക് എത്തിയതായിരുന്നു ശ്രീജിത്ത്. 


പോർട്ട്ബ്ലെയർ: മലയാളി സൈനികനെ ആൻഡമാനിൽ കാണാതായിട്ട് ദിവസങ്ങൾ, പരാതിയുമായി കുടുംബം. ആൻഡമാൻ നിക്കോബാറിൽ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി സ്വദേശിയായ വയോധികയാണ് സൈനികനായ മകനെ കാണാനില്ലെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. 5 എൻജിനിയർ റെജിമെന്റിലെ ഹവിൽദാർ ആയിരുന്ന ശ്രീജിത്തിനെ (36 ) യാണ് ഞായറാഴ്ച മുതൽ കാണാതായത്. ജമ്മു കശ്മീമീരിലെ 54 രാഷ്ട്രീയ റൈഫിൾസിലെ സേവനത്തിന് ശേഷം ആൻഡമാനിൽ അവധിക്ക് എത്തിയതായിരുന്നു ശ്രീജിത്ത്. 

മീൻ പിടിക്കുന്നതിനായി സുഹൃത്തുക്കളുമായി പോർട്ട്ബ്ലെയറിന് സമീപത്തെ മഞ്ചേരിയിൽ ശ്രീജിത്തും സുഹൃത്തുക്കളും കയറിയ വള്ളം മറിഞ്ഞാണ് സൈനികനെ കാണാതായത്. നാവിക സേനയും പൊലീസും കോസ്റ്റ്ഗാർഡും തെരച്ചിൽ ഊർജ്ജിതമാക്കിയതിന് പിന്നാലെ വള്ളത്തിൽ പിടിച്ച് കിടന്ന രണ്ട് പേരെ രക്ഷിക്കാനായിരുന്നു. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ മറ്റൊരാളുടെ മൃതദേഹം ഇന്ന് കണ്ടെത്താനും സാധിച്ചിരുന്നു. എന്നാൽ ശ്രീജിത്തിനെ കുറിച്ച് മാത്രം ഒരു വിവരവും ഇനിയും ലഭ്യമായിട്ടില്ല. ചെറുദ്വീപുകളുള്ള മേഖലയിൽ കോസ്റ്റ് ഗാർഡിന്റെ വലിയ കപ്പലുകൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടെന്ന് കുടുംബം പരാതിയിൽ വിശദമാക്കുന്നു. 

Latest Videos

ചതുപ്പുകളും മുതലകളും ധാരാളമായുള്ള മേഖലയിൽ മകന് വേണ്ടിയുള്ള തെരച്ചിലിന് സൈന്യത്തിന്റെ സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ശ്രീജിത്തിന്റെ അമ്മ ഗീത കുമാരി ആവശ്യപ്പെടുന്നത്. പോർട്ട് ബ്ലെയറിലെ സൈനിക കേന്ദ്രത്തിൽ ആവശ്യം ഉന്നയിച്ചെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നതെന്നാണ ഗീതാകുമാരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയിട്ടുള്ളത്. ഭാര്യയും രണ്ട് പിഞ്ചുമക്കളുമുള്ള കുടുംബത്തിന്റ ഏക അത്താണിയാണ് കാണാതായിട്ടുള്ള മലയാളി സൈനികൻ. ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഫലപ്രദമായ തെരച്ചിലിനുള്ള സഹായ സഹകരണങ്ങളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഗീതാകുമാരി ആവശ്യപ്പെടുന്നത്. 

കടലിൽ നിന്ന് രക്ഷപ്പെട്ട് സമീപത്തെ ചെറുതുരുത്തുകളിൽ മകൻ അഭയം തേടിയാൽ അത് കണ്ടെത്താൻ കോസ്റ്റ്ഗാർഡിനും നാവിക സേനയ്ക്കും പരിമിതികളുള്ളതിനാൽ സൈനിക ഇടപെടലിനായുള്ള നടപടി സ്വീകരിക്കണമെന്നും ഗീതാകുമാരി ആവശ്യപ്പെടുന്നു. ജോലി ആവശ്യത്തിനായി വർഷങ്ങളായി ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ഗീതാകുമാരിയും മകന്റെ കുടുംബവും താമസിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!