ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: ക്ഷേത്രത്തിൽ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാൻ മറന്ന മോഷ്ടാവ് പരാതിയുമായി സ്‌റ്റേഷനിൽ. ബൈക്ക് മോഷണം പോയെന്ന് പരാതിയുമായി എത്തിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ 8,000 രൂപയാണ് കവർന്നത്. ബൈക്കിലെത്തിയാണ് അരുൺ മോഷണം നടത്തിയത്. പക്ഷേ, പണം കിട്ടിയ ആവേശത്തിൽ ബൈക്ക് എടുക്കാൻ മറന്ന് സ്ഥലം വിടുകയായിരുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ പോലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈക്ക് നാട്ടുകാർ പോലിസിൽ ഏൽപ്പിച്ചു. ഈ ബൈക്കിന്റെ രേഖകൾ പോലിസ് പരിശോധിച്ചുവരുകയായിരുന്നു. അപ്പോഴാണ് അരുൺ സ്റ്റേഷനിലെത്തിയത്. തന്റെ ബൈക്ക് മോഷണം പോയെന്നും നടപടിയുണ്ടാവണമെന്നുമായിരുന്നു അരുണിന്റെ ആവശ്യം.
ഇയാളുടെ പെരുമാറ്റത്തിൽ സംശയങ്ങൾ തോന്നിയതോടെ പൊലിസ് അകത്തുകൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ബൈക്ക് മോഷ്ടിച്ചവരാവാം ക്ഷേത്രത്തിൽ മോഷണം നടത്തിയതെന്നാവാം എന്നാണ് അരുൺ പൊലിസിനോട് പറഞ്ഞത്. പക്ഷേ, തുടർച്ചയായ ചോദ്യം ചെയ്യലിൽ ഇയാൾക്ക് പിടിച്ചുനിൽക്കാനായില്ല. കുറ്റം സമ്മതിച്ചതിനെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം