ബെംഗളൂരുവിൽ നിന്നും വാങ്ങി കോഴിക്കോട്ടേക്ക് വിൽപ്പനക്കായി കൊണ്ടുപോയ മെത്താംഫിറ്റമിനാണ് എക്സൈസ് പിടികൂടിയത്.
കൽപ്പറ്റ: വയനാട്ടിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 79.482 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാർ ജി. എമ്മിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം പെരുവള്ളൂർ സ്വദേശി ആബിദ് ആണ് അറസ്റ്റിലായത്. ബാംഗ്ലൂർ - ബത്തേരി കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
ബെംഗളൂരുവിൽ നിന്നും വാങ്ങി കോഴിക്കോട്ടേക്ക് വിൽപ്പനക്കായി കൊണ്ടുപോയ മെത്താംഫിറ്റമിനാണ് എക്സൈസ് പിടികൂടിയത്. ആർക്ക് വേണ്ടിയാണ് ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം എക്സൈസ് സംഘം പരിശോധിച്ച് വരികയാണ്. റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ അബ്ദുൾ സലീ൦, രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം കെ, സജിത്ത് പിസി, അശ്വതി. കെ, അഖില എന്നിവരും പങ്കെടുത്തു.
അതേസമയം അതിമാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ രണ്ടു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് റാഷിദ് (34), മുക്കം സ്വദേശി മുസ്തഫ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.88 ഗ്രാം എംഡിഎംഎയും വില്‍പന നടത്തി നേടിയ 91000 രൂപയും മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്തുന്നതിനുള്ള പോക്കറ്റ് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ഈ യുവാക്കൾ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read More : ബൈക്കിന് സൈഡ് കൊടുത്തില്ല, ബസ് തടഞ്ഞ് കൈവള ഊരി ഡ്രൈവറെ പൊതിരെ തല്ലി; ഒളിവിൽ പോയ യുവാക്കൾ പിടിയിൽ