ആലപ്പുഴ കണ്ടിട്ടില്ല, മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴ നിന്നും; സംഭവിച്ചതറിയാൻ പരാതി!

By Web Team  |  First Published Jun 20, 2023, 1:12 AM IST

ബൈക്കിൽ രണ്ടാളുകൾ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്. 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് വന്നത്


മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്തയാൾക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടിസ്. വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്‌കൂട്ടറിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ. ബൈക്കിൽ രണ്ടാളുകൾ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്. 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്.

എഐ ക്യാമറക്ക് സ്റ്റേ വരുമോ? കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ ഹ‍ർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം

Latest Videos

കഴിഞ്ഞ മാസം രണ്ടിനാണ് നിയമലംഘനം നടത്തിയതെന്ന് നോട്ടീസിലുണ്ട്. നോട്ടീസിൽ നിയമ ലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും  ശിവദാസന്റെതാണ്. എന്നാൽ കൂടെ കാണിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഇദ്ദേഹത്തിന്റെതല്ല. കൂലിപ്പണിക്കാരനായ ശിവദാസൻ ബൈക്കിൽ ഇതുവരെ ജില്ലക്ക് പുറത്ത് പോയിട്ടില്ല. തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങനെയാണ് ആലപ്പുഴയിലെ സ്‌കൂട്ടറിൽ വന്നതെന്നറിയാൻ പൊലീസിൽ പരാതി നൽകാനിരിക്കുകയാണ് ശിവദാസൻ.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം എ ഐ ക്യാമറ സംബന്ധിച്ച മറ്റൊരു വാ‍ർത്ത സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവർത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തി എന്നതാണ്. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയിൽ ഹ‍‍ർജി നൽകിയത്. പദ്ധതിയിൽ അഴിമതി ഉണ്ടെന്നും അതുകൊണ്ടുതന്നെ ഐ ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നാണ് ഇവർ ഹർജിയിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്. എ ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹ‍ർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!