അരൂരിലെ ഒരു വീട്ടിൽ തൊഴുത്തിലുണ്ടായിരുന്ന മൂന്ന് കാളകളെയും തൊട്ടടുത്ത പറമ്പിലുണ്ടായിരുന്ന പശുവിനെയും മോഷ്ടിച്ച ശേഷം ലോറിയിൽ മലപ്പുറത്തെത്തിച്ചു.
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി അലിയെയാണ് അരൂർ പൊലീസ് പിടികൂടിയത്. കന്നുകാലികളെ മോഷടിച്ച് മറിച്ചുവിൽക്കുന്നത് അലിയുടെ സ്ഥിരം പരിപാടിയാണ്. എന്നാൽ ആലപ്പുഴ ചന്തിരൂരിലെ മോഷണം പാളി അരൂർ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു.
കഴിഞ്ഞ മാസം 28-നാണ് അലി മലപ്പുറത്ത് നിന്ന് ലോറിയിൽ ചന്തിരൂരിലെത്തിയത്. അരൂരിലെ ഒരു വീട്ടിൽ തൊഴുത്തിലുണ്ടായിരുന്ന മൂന്ന് കാളകളെയും തൊട്ടടുത്ത പറമ്പിലുണ്ടായിരുന്ന പശുവിനെയും മോഷ്ടിച്ചു. ശേഷം കന്നുകാലികളെ ലോറിയിൽ കയറ്റി മലപ്പുറത്തെത്തിച്ചു. അന്വേഷണത്തിൽ KL 11 BE 1821 എന്ന വാഹനം പൊലീസ് തിരിച്ചറിഞ്ഞു. വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ അലിയെ കണ്ണൂർ തലശേരിയിൽ നിന്ന് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കന്നുകാലികളെ മറിച്ചുവിറ്റുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരക്കായ പ്രതിയെ റിമാൻഡ് ചെയ്തു.