'ഒരൊറ്റ സ്വപ്‌നം, ഒന്നര വർഷത്തെ പരിശ്രമം'; നാടൊന്നിച്ചു, മാടാമ്പാറ നിവാസികൾക്ക് സ്വന്തം ​ഗ്രൗണ്ട് ഒരുങ്ങി

By Web Team  |  First Published Feb 19, 2023, 3:43 PM IST

ഒന്നരവർഷം കൊണ്ട് നാടിന് സ്വന്തമായി ഒരു കളിസ്ഥലം നിർമിച്ചു കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മാടാമ്പാറയിലെ ജനങ്ങൾ.


മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് മാടാമ്പാറ നിവാസികൾക്ക് ഒരു കഥ പറയാനുണ്ട്. ഒന്നര വർഷം നീണ്ടുനിന്ന പിരിവും അതിന് പിന്നാലെ പൂവണിയുന്ന കളിസ്ഥലമെന്ന സ്വപ്‌നവും.  കളിക്കാൻ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഏറെ വിഷമത്തിലായിരുന്നു ഈ നാട്ടുകാർ. പിലാക്കൽ ഗ്രൗണ്ട് എന്ന പഴയ കളിസ്ഥലം ഒരു സുപ്രഭാതത്തിൽ നഷ്ടമായതോടെയാണ് ഇവർക്ക് കളിക്കാനൊരു ഇടമില്ലാതായാത്. 

തുടർന്ന് നടന്ന സംഭവ വികാസങ്ങളാണ് ഏറെ ശ്രദ്ധേയം. നാട്ടിലെ കാരണവന്മാരും യുവാക്കളും പ്രവാസികളും ഒരുമയോടെ മുന്നിട്ടിറങ്ങി കളിസ്ഥലത്തിനായി 2021 നവംബർ മാസത്തിൽ 'മാടാമ്പാറ കൂട്ടായ്മ' എന്ന പേരിൽ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. തുടർന്ന് ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദേശം 150 ഓളം വീടുകളെ അംഗങ്ങളായി ചേർത്തുകൊണ്ട് മുൻഗണനാ അടിസ്ഥാനത്തിൽ ഒരു സെന്റ്, അര സെന്റ് രൂപത്തിൽ ഓരോരുത്തരെ കൊണ്ടും സംഖ്യകൾ എഴുതിപ്പിക്കുകയും ചെയ്തു. 

Latest Videos

പ്രവാസി സുഹൃത്തുക്കളും കൂടെ ഒരുമിച്ചതോടെ ഏകദേശം 40 ലക്ഷം രൂപയോളം എഴുതിക്കാൻ കഴിഞ്ഞു. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടും തുടങ്ങി. മൂന്നും നാലും ഘട്ടങ്ങളിലായിട്ടാണ് ഓരോരുത്തരിൽ നിന്നും ഇത്തരത്തിൽ വരിസംഖ്യ പിരിച്ചെടുത്തത്. കമ്മറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഓരോ വെള്ളിയാഴ്ചകളും വൈകിട്ട് യോഗങ്ങളും മറ്റും ചേർന്നിരുന്നു. പലരും ബാങ്ക് ലോൺ, സഹോദരിമാരുടെ ഗോൾഡ് പണയപ്പെടുത്തിയും  മറ്റും വരിസംഖ്യ അടച്ച് തീർത്തത്. 

അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും പരിശ്രമത്തിന്റെ ഫലമായി ഒന്നരവർഷം കൊണ്ട് നാടിന് സ്വന്തമായി ഒരു കളിസ്ഥലം നിർമിച്ചു കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മാടാമ്പാറയിലെ ജനങ്ങൾ. 64 സെൻറ് ഭൂമിയാണ് ഇവർ കൡലത്തിനായി വാങ്ങിയത്. ഇന്ന് ഈ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ മാടാമ്പാറയിലെ വരും തലമുറകൾക്ക് ഓർക്കാനുള്ള ഒരു ചരിത്രം കൂടി പിറവിയെടുക്കുകയാണ്.

Read More : നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറക്കം, തരം കിട്ടിയാല്‍ മോഷണം; 19 കാരനെ പൊക്കി പൊലീസ്

click me!