മേപ്പാടി സ്റ്റേഷനിലെ മുങ്ങല്‍ വിദഗ്ധരായ പൊലീസുകാര്‍ ഒരു മണിക്കൂറോളം തെരഞ്ഞാണ് ആഴമുള്ള കുളത്തില്‍ നിന്ന് ലോക്കര്‍ കണ്ടെടുത്തത്
കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചയാളെയും കൂട്ടുപ്രതിയെയും 24 മണിക്കൂറിനുള്ളില്‍ മേപ്പാടി പൊലീസ് പിടികൂടി. റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരനായ കോട്ടനാട്, അരിപ്പൊടിയന്‍ വീട്ടില്‍ അബ്ദുല്‍ മജീദ്(26) നെയും, സുഹൃത്ത് കോട്ടനാട്, കളത്തില്‍പറമ്പില്‍ വീട്ടില്‍ ബെന്നറ്റ് (26)നെയുമാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി. കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. മോഷണ ശേഷം മലപ്പുറത്തേക്ക് പോയ ഇവര്‍ കേസില്‍ പിടിയിലാകില്ലെന്നുറച്ച് തിരിച്ചുവരുംവഴിയാണ് വൈത്തിരിയില്‍ വെച്ച് പിടിയിലാകുന്നത്. മജീദ് സഞ്ചരിച്ച ബൈക്ക്, മോഷണത്തിനുപയോഗിച്ച ഗ്രൗസ്, ലോക്കര്‍ മുറിക്കാനുപയോഗിച്ച കട്ടര്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. കോട്ടപ്പടി എളമ്പലേരി എസ്റ്റേറ്റിലെ ആരംഭ് റിസോര്‍ട്ടിലെ അടുക്കളയിലെ സ്റ്റോര്‍ റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 136,468 രൂപയാണ് മോഷണം പോയത്. ലോക്കറടക്കം മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. റിസോര്‍ട്ടും പരിസരങ്ങളും പരിചയമുള്ള റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദ് ആളെ തിരിച്ചറിയാതിരിക്കാനും സി സി ടി വി ദൃശ്യങ്ങളില്‍ കുടുങ്ങാതിരിക്കുന്നതിനുമായി ജാക്കറ്റ് ധരിച്ചാണ് മോഷ്ടിക്കാനെത്തിയത്.
മോഷണം നടത്തിയശേഷം ബൈക്കില്‍ ബെന്നറ്റിന്റെ വീടിന്റെ അടുത്തുള്ള പഴയ വീട്ടിലെത്തി അവിടെ വെച്ച് വീട് പണിക്ക് കൊണ്ടു വന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചു. പണം എടുത്ത ശേഷം ഇരുവരും ബൈക്കില്‍ മഞ്ഞളാംകൊല്ലിയിലുള്ള ക്വാറികുളത്തില്‍ ലോക്കര്‍ ഉപേക്ഷിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷനിലെ മുങ്ങല്‍ വിദഗ്ധരായ പൊലീസുകാര്‍ ഒരു മണിക്കൂറോളം തെരഞ്ഞാണ് ആഴമുള്ള കുളത്തില്‍ നിന്ന് ലോക്കര്‍ കണ്ടെടുത്തത്. എസ് ഐ ഷാജി, എസ് സി പി ഒ മാരായ സുനില്‍കുമാര്‍, വിപിന്‍, ഷബീര്‍, സി പി ഒ ഷാജഹാന്‍, ഹോം ഗാര്‍ഡ് പ്രവീണ്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം