കേരളത്തിന്‍റെ ആദ്യ ആഢംബര കപ്പല്‍: 'നെഫര്‍റ്റിറ്റി' ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ തയ്യാര്‍

By Web Team  |  First Published Sep 30, 2018, 8:07 PM IST

കേരളത്തിന്‍റെ ആദ്യ ആഢംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ സമുദ്രയാനം കടലിലിറങ്ങുന്നതോടെ സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണ്.


കൊച്ചി: കേരളത്തിന്‍റെ ആദ്യ ആഢംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ സമുദ്രയാനം കടലിലിറങ്ങുന്നതോടെ സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണ്.

കൊച്ചിയില്‍ അവസാനിച്ച കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ച് അവരുടെ മനം കവര്‍ന്ന  ആഡംബര കപ്പല്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ മുഹമ്മദ് ഹനീഷ് പറഞ്ഞു. ത്രീഡി തിയേറ്റര്‍, എയര്‍ കണ്ടീഷന്‍ഡ് ഹാള്‍, സണ്‍ ഡെക്ക്, ബാങ്ക്വറ്റ് ഹാള്‍, ബാര്‍-ലൗഞ്ച്, വിനോദ സംവിധാനങ്ങള്‍ എന്നിവയുള്ള കപ്പലിന് 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും.
 
ഒന്നര വര്‍ഷമെടുത്താണ് കപ്പലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് കപ്പലിന്‍റെ സവിശേഷതകള്‍ വിവരിച്ചുകൊണ്ട് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈജിപ്ഷ്യന്‍ രാജ്ഞി നെഫര്‍റ്റിറ്റിയുടെ പേരു നല്‍കിയിട്ടുള്ള കപ്പല്‍ സഞ്ചാരികളെ ഓര്‍മിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നായ ഈജിപ്റ്റിനെയാണ്. ഈ സമുദ്രയാനം അന്നത്തെ ചെയര്‍മാനും ഇപ്പോള്‍ ചീഫ് സെക്രട്ടറിയുമായ ശ്രീ ടോം ജോസിന് കടപ്പെട്ടിരിക്കുകയാണെന്ന് ശ്രീ മുഹമ്മദ് ഹനീഷ് പറഞ്ഞു.
 
വിനോദസഞ്ചാരികള്‍ക്കുമാത്രമല്ല, മീറ്റിംഗുകള്‍ക്കും കമ്പനികളുടെ പാര്‍ട്ടികള്‍ക്കും ആതിഥ്യമരുളാന്‍ നെഫര്‍റ്റിറ്റിക്ക് കഴിയും. കപ്പലിന് ക്രൂസ് മാനേജരെ നിയമിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരു ജോലി കേരളത്തില്‍ ആദ്യത്തേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ ഉള്ളില്‍ പോകാന്‍ കഴിയുന്ന കപ്പലിന് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കും. കൊച്ചി ക്രൂസ് ഹബ് ആയി വികസിക്കുകയാണെങ്കില്‍ കേരളത്തില്‍ ടൂറിസം വികസനത്തിന് ഏറെ സംഭാവന ചെയ്യാന്‍ നെഫര്‍റ്റിറ്റിക്കു  കഴിയുമെന്ന് കെടിഎം മുന്‍ പ്രസിഡന്‍റും ദേശീയ ടൂറിസം ഉപദേശക സമിതി അംഗവുമായ ശ്രീ എബ്രഹാം ജോര്‍ജ് പറഞ്ഞു.

Latest Videos

click me!