മുളക്‌പൊടി എറിഞ്ഞ് ലോട്ടറികട ജീവനക്കാരന്‍റെ 20000 രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു

By Web Team  |  First Published Dec 9, 2022, 8:32 PM IST

ഹെൽമറ്റും, കോട്ടും ധരിച്ചെത്തിയ രണ്ടു പേർ 50 മീറ്ററോളം മുന്നോട്ട് പോയി തിരിച്ചു വന്നാണ് മുളകുപൊടി എറിഞ്ഞത്. 


മുണ്ടൂർ: മുണ്ടൂർ കൂട്ടുപാതയിൽ ലോട്ടറികട ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുത്തു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് സംഭവം. കൂട്ടുപാത പുന്നയിൽ വീട്ടിൽ വിജയന്റെ ബാഗാണ് നഷ്ടപെട്ടത്. ബാഗിൽ 19550 രൂപയും 500, 100 രൂപ പ്രൈസ് ഉള്ള രണ്ട് ലേട്ടറികളുമാണ് ഉണ്ടായിരുന്നതെന്ന് വിജയൻ പറഞ്ഞു. 

പറളി റോഡിലൂടെ കൂട്ടുപാത ഭാഗത്തേക്ക് ഇയാൾ നടന്നു പോകുമ്പോൾ പുറകിലൂടെ ബൈക്കിൽ ഹെൽമറ്റും, കോട്ടും ധരിച്ചെത്തിയ രണ്ടു പേർ 50 മീറ്ററോളം മുന്നോട്ട് പോയി തിരിച്ചു വന്നാണ് മുളകുപൊടി എറിഞ്ഞത്. സംഭവസമയത്ത് ചാറ്റൽ മഴയുമുണ്ടായിരുന്നു. കണ്ണിലും, മുഖത്തും, വസ്ത്രത്തിലുമെല്ലാം മുളകുപൊടിയായ വിജയൻ നിലവിളിച്ചിങ്കിലും രാവിലെ റോഡിൽ ആളില്ലാത്തതിനാൽ ആരും സഹായത്തിനുണ്ടായില്ല. അര മണിക്കൂറോളം റോഡിൽ നിലവിളിച്ചു നിന്ന വിജയനെ അഞ്ചേമുക്കാലോടെ അതുവഴി പാലുമായി വന്ന പരിസരവാസിയാണ് സഹായിച്ചത്. 

Latest Videos

സമീപത്തെ തടി മില്ലിൽ കൊണ്ടുപോയി കണ്ണും മുഖവും കഴുകിയശേഷമാണ് വിജയന് കാഴ്ച കിട്ടിയത്. അതിനിടെ അതുവഴി വന്ന വാഹനങ്ങളും നിർത്തിയില്ലെന്ന് പറഞ്ഞു. കണ്ണിൽ മുളകുപൊടി പെട്ട് കണ്ണ് തുറക്കാനാവാതെ നടക്കാനുള്ള ശ്രമത്തിനിടെ തട്ടി വീഴുകയുമുണ്ടായി. കണ്ണിനും മുഖത്തിനും കാര്യമായ കുഴപ്പമില്ലാത്തതിനാൽ വിജയൻ വീട്ടിൽ വിശ്രമത്തിലാണ്. മുണ്ടൂർ സ്വദേശിയുടെ ശ്രീകൃഷ്ണപുരത്തുള്ള ലോട്ടറി കടയിലെ ജീവനക്കാരനാണ്. 

പതിവായി രാവിലെ അഞ്ചു മണി കഴിഞ്ഞാൽ വീട്ടിൽ നിന്ന് നടന്ന് മുണ്ടൂർ ജംഗഷനിലേക്ക് വരും. തലേദിവസത്തെ ലോട്ടറി വിറ്റുകിട്ടിയ പണവും പ്രൈസ് ലഭിച്ച ടിക്കറ്റുകളും ഉടമക്ക് നൽകി അന്ന് വിൽക്കാനുള്ള ടിക്കററും വാങ്ങിയയാണ് പോകാറുള്ളത്. ആറ് വർഷമായി ഈ പതിവ് തുടരുന്നുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും വിജയൻ പറയുന്നു. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തിയ കോങ്ങാട് പോലീസ് പരിശോധ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം നടത്തി വരുന്നതായി കോങ്ങാട് ഇൻസ്‌പെക്ടർ വി.എസ്.മുരളീധരൻ പറഞ്ഞു.

കെഎസ്ആര്‍ടിസിയിൽ ശമ്പളവിതരണം വൈകുന്നു: എല്ലാക്കാലത്തും സഹായിക്കാനാവില്ലെന്ന് ധനവകുപ്പ്

വിദ്യാര്‍ത്ഥി അനധികൃതമായി എംബിബിഎസ് ക്ലാസ്സിൽ ഇരുന്ന സംഭവം: വീഴ്ച സമ്മതിച്ച് കോഴിക്കോട് മെഡി.കോളേജ്

click me!