'മൂത്രശങ്കയുണ്ടെങ്കില്‍ സഹിച്ചോ'; ദീര്‍ഘദൂര ബസുകള്‍ക്ക് കല്‍പ്പറ്റ സ്റ്റാന്‍റിനോട് അയിത്തം, യാത്രികരോട് ക്രൂരത

By Vijayan Tirur  |  First Published Feb 2, 2023, 4:59 PM IST

മൈസുരു, ബംഗളൂര്‍, തിരുവന്തപുരം തുടങ്ങി കിലോമീറ്ററുകള്‍ക്ക് അകലെ നിന്ന് യാത്ര തുടങ്ങിയ ബസുകള്‍ ഏഴുമണിക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലെത്തുകയാണെങ്കില്‍ പിന്നെ അവര്‍ക്ക് സ്റ്റാന്റുകളോട് തന്നെ അയിത്തമാണ്. തോന്നിയിടത്ത് ആളെ ഇറക്കുന്നതും കയറ്റുന്നതും ശീലമാക്കിയിട്ട് വര്‍ഷങ്ങളായെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


കല്‍പ്പറ്റ: വലിയ തുക ടിക്കറ്റ് ചാര്‍ജ് വാങ്ങുന്ന ബസുകള്‍, അനേകം കിലോമീറ്ററുകള്‍ താണ്ടി യാത്രക്കാരെ ഉത്തരവാദിത്തത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ജീവനക്കാര്‍ പക്ഷേ യാത്രികരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. വയനാട് ജില്ലയിലെത്തുന്ന സ്വകാര്യ ബസുകളടക്കമുള്ള ലക്ഷ്വറി, സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാതെ ദേശീയ പാതയില്‍ തന്നെ ആളെയിറക്കുകയും കയറ്റുകയുമാണ് പതിവ്. കല്‍പ്പറ്റ നഗരത്തില്‍ അനന്തവീര തിയേറ്ററിന് സമീപമാണ് സ്ഥിരമായി ഇത്തരം ബസുകള്‍ നിര്‍ത്തുന്നത്. 

കോടികള്‍ മുടക്കി ഏതാനും മീറ്ററുകള്‍ക്ക് അകലെ ഒരു സ്റ്റാന്റ് ഉണ്ടായിരിക്കെ ചില്ലറ തുകയുടെ ഡീസല്‍ ലാഭിക്കാനുള്ള തത്രപാടിനെതിരെയാണ് യാത്രക്കാരുടെ പ്രതിഷേധം. മൈസുരു, ബംഗളൂര്‍, തിരുവന്തപുരം തുടങ്ങി കിലോമീറ്ററുകള്‍ക്ക് അകലെ നിന്ന് യാത്ര തുടങ്ങിയ ബസുകള്‍ ഏഴുമണിക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലെത്തുകയാണെങ്കില്‍ പിന്നെ അവര്‍ക്ക് സ്റ്റാന്റുകളോട് തന്നെ അയിത്തമാണ്. തോന്നിയിടത്ത് ആളെ ഇറക്കുന്നതും കയറ്റുന്നതും ശീലമാക്കിയിട്ട് വര്‍ഷങ്ങളായെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.  ഇതിനിടെ ആര്‍ക്കെങ്കിലും മൂത്രശങ്കയുണ്ടെങ്കില്‍ കോഴിക്കോട് എത്തുന്നത് വരെയോ കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ എത്തുന്നത് വരെയോ പിടിച്ചു നിര്‍ത്തിക്കൊള്ളണം. അല്ലെങ്കില്‍ റോഡരികില്‍ കാര്യം സാധിച്ചേക്കണം. ഇതാണ് സ്വകാര്യ-സര്‍ക്കാര്‍ ബസുകളിലെ ജീവനക്കാരുടെ നിലപാടെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

Latest Videos

undefined

ബംഗളുരു, തിരുവനന്തപുരം തുടങ്ങിയടങ്ങളില്‍ നിന്നും പുറപ്പെടുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് കുറഞ്ഞ സ്റ്റോപ്പുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക. ഉദാഹരണത്തിന് കോഴിക്കോട് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ബസ് പിന്നീട് നിര്‍ത്തുക കല്‍പ്പറ്റയിലായിരിക്കും. ഇതിനിടക്ക് യാത്രക്കാര്‍ക്ക് മൂത്രശങ്ക ഉണ്ടെങ്കില്‍ കര്‍ണാടകയിലെ പ്രധാന നഗരമെത്തുന്നത് വരെ അസ്വസ്ഥതയോടെ യാത്ര ചെയ്തു കൊള്ളണം. മുമ്പ് അനന്തവീര തിയേറ്ററിന് സമീപം ഒരു ഇ-ടോയ്ലറ്റ് സംവിധാനം ഉണ്ടായിരുന്നെങ്കിലും  ഇതിനുള്ളില്‍ ഒരാള്‍ കുടുങ്ങിയതോടെ ഇവിടെ ടോയ്ലറ്റ് സംവിധാനമെ വേണ്ട എന്ന നിലപാടില്‍ എല്ലാ പൊളിച്ചു കളയുകയായിരുന്നു നഗരസഭ. 

ബസ് സറ്റാന്റില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ടോയ്ലറ്റ് ഒഴിവാക്കുമ്പോള്‍ നഗരസഭ കണ്ടെത്തിയ ന്യായം. എന്നാല്‍ ആ സ്റ്റാന്റിലേക്കാണ് ഏഴ് മണിയായാല്‍ ദീര്‍ഘദൂര ബസുകള്‍ക്ക് കയറാന്‍ മടിയുള്ളത്. ഒരേ സമയം 20 പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറി സൗകര്യങ്ങള്‍ സ്റ്റാന്റിലുണ്ട്. മാത്രമല്ല വിശാലമായ കാത്തിരിപ്പ് കേന്ദ്രവും കച്ചവടസ്ഥാപനങ്ങളുമെല്ലാം ബി.ഒ.ടി പ്രകാരം പുതുക്കി പണിത സ്റ്റാന്റിലുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഉള്ളപ്പോഴാണ് ബസുകള്‍ ദേശീയപാതയില്‍ തന്നെ നിര്‍ത്തി യാത്രക്കാരെ വലക്കുന്നത്. സ്റ്റാന്റില്‍ ബസുകള്‍ കയറാത്തതിനാല്‍ ലക്ഷങ്ങള്‍ മുടക്കി കട തുടങ്ങിയ തങ്ങള്‍ ആറരയോടെ തന്നെ ഷട്ടറിടേണ്ട അവസ്ഥയിലാണെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

യാത്രക്കാര്‍ സുരക്ഷിതമായി ഇരിക്കാനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റാന്റില്‍ ഒരുക്കിയിട്ടുണ്ട്. സി.സി.ടിവി ക്യാമറകള്‍ സ്റ്റാന്റ് അധികൃതര്‍ സ്ഥാപിച്ചിട്ടില്ലെങ്കിലും ഭൂരിപക്ഷം കടക്കാരും സ്വന്തം നിലക്ക് ക്യാമറ സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്റ്റാന്റ് അധകൃകരോട് ആവശ്യപ്പെട്ടാല്‍ സി.സി.ടി.വി ക്യാമറ ഒരുക്കാന്‍ അവര്‍ തയ്യാറാണെന്നും കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘദൂര ബസുകളടക്കം സ്റ്റാന്റിലെത്തിയാല്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകളെ സ്റ്റാന്റിന് സമീപത്തേക്ക് മാറ്റാനാകും. യാത്രക്കാര്‍ ഓട്ടോ വിളിക്കുന്നതിനും മറ്റും സൗകര്യവും ഈ രീതി തന്നെയെന്ന് ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. 

Read More : 25 വര്‍ഷം ഒരുമിച്ച് ജീവിച്ചു, ഒടുവില്‍ വഴക്ക്; 54 കാരിയെ ആസിഡ് ഒഴിച്ച് കൊലപ്പടുത്തി 62 കാരന്‍, അറസ്റ്റ്

2019-ല്‍ അഞ്ച് മണിക്ക് ശേഷം ബസുകള്‍ കയറാത്തത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കച്ചവടക്കാര്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം പോലീസ് ഇടപെട്ട് ദീര്‍ഘദൂര ബസുകളെ സ്റ്റാന്റിലെത്തിക്കുകയായിരുന്നു. പോലീസിന്റെയും നഗരസഭ അധികൃതരുടെയും ശ്രദ്ധ വിട്ടതോടെയാണ് ദേശീയപാതയില്‍ നിര്‍ത്തുന്ന രീതിയിലേക്ക് ബസ് ജീവനക്കാര്‍ 'നിയമം മാറ്റിയിരിക്കുന്നതത്'. അതിനിടെ പ്രതിഷേധം കനത്തതോടെ പോലീസും മോട്ടോര്‍ വാഹനവകുപ്പും നഗരസഭയും പ്രശ്‌നത്തില്‍ ഇടപ്പെട്ടുവെന്നാണ് വിവരം. ഇന്ന് മുതല്‍ വൈകുന്നേരം ഏഴീന് ശേഷം സ്റ്റാന്റിലെത്താത്ത ബസ്സുകളെ നിരീക്ഷിച്ച് നടപടി എടുത്തു തുടങ്ങും.

Read More :  അങ്കമാലി - ശബരി റെയിൽവേ പദ്ധതി: അനുമതി തേടി എംപി റെയിൽവേ മന്ത്രിയെ കണ്ടു

click me!