ഒറ്റയ്ക്കൊരു നിയമപോരാട്ടം! വീട്ടമ്മക്ക് മുന്നിൽ അടിയറവ് പറഞ്ഞ് കെഎസ്ആർടിസി, ഒടുവിൽ നീതി; ലഭിച്ചത് ലക്ഷങ്ങൾ

By Web Team  |  First Published May 1, 2023, 5:05 PM IST

ഫാമിലി പെൻഷൻ, കുടിശ്ശിക ഉൾപ്പെടെ 18 ലക്ഷത്തിലേറെ രൂപയാണ് കെ എസ് ആർ ടി സിയുമായുള്ള നിയമ പോരാട്ടത്തിനൊടുവിൽ ശാന്തകുമാരിക്ക് ലഭിച്ചത്


തിരുവനന്തപുരം: 8 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വയോധികക്ക് നീതി. കെ എസ് ആർ ടി സി ആറ്റിങ്ങൽ ഡി ടി ഒ ആയി വിരമിച്ച എൻ മോഹൻകുമാറിന്‍റെ ഭാര്യ സി എ ശാന്തകുമാരിക്ക് (75) എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചു. ഫാമിലി പെൻഷൻ, കുടിശ്ശിക ഉൾപ്പെടെ 18 ലക്ഷത്തിലേറെ രൂപയാണ് കെ എസ് ആർ ടി സിയുമായുള്ള നിയമ പോരാട്ടത്തിനൊടുവിൽ ശാന്തകുമാരിക്ക് ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ 18,52,717 രൂപ കെ എസ് ആർ ടി സി മാനേജ്മെന്‍റ് ശാന്തകുമാരിക്ക് നൽകി.

മോശം പെരുമാറ്റം ഹോം സ്റ്റെയിൽ വച്ച്, മധുസൂദനെതിരെ പരാതി നൽകിയത് കൊല്ലം സ്വദേശിയായ നടി; ചോദ്യംചെയ്യൽ

Latest Videos

കെ എസ് ആർ ടി സിയിൽ ഡി ടി ഒ ആയി ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് വിരമിച്ച എൻ മോഹൻകുമാർ 2015 ൽ ആണ് മരിച്ചത്. ജന്മനാ മനോദൗർബല്യമുള്ള ഇവരുടെ മകൻ 33ാം വയസ്സിൽ മരിച്ചു. കുടുംബ പെൻഷൻ നൽകണമെന്നു കാണിച്ച് കെ എസ് ആർ ടി സിക്ക് പല തവണ നിവേദനങ്ങൾ കൊടുത്തിട്ടും ഫലമുണ്ടായില്ല. ലീഗൽ സർവിസസ് അതോറിറ്റിയിൽ പരാതി ഫയൽ ചെയ്തെങ്കിലും പെൻഷൻ നൽകാൻ കെ എസ് ആർ ടി സി തയാറായില്ല. തുടർന്ന് ലോകായുക്തയിലും കേസ് ഫയൽ ചെയ്തു. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് കെ എസ് ആർ ടി സി കുടുംബ പെൻഷൻ നിഷേധിച്ചു.

ഒടുവിൽ അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖേന കുടുംബ പെൻഷൻ കുടിശ്ശിക ഉൾപ്പെടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാലു മാസത്തിനകം കുടുംബ പെൻഷൻ കുടിശ്ശിക ഉൾപ്പെടെ നൽകാൻ കെ എസ് ആർ ടി സിക്ക് ഹൈകോടതി നിർദേശം നൽകി. തുടർന്നാണ് തുക ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്.

click me!