സെൻട്രൽ സ്റ്റേഡിയത്തിന് മുന്നിലൊരു 'മോഹിനി', ആരും നോക്കും! ശ്രദ്ധേയമായി അജൈവ മാലിന്യം കൊണ്ടുള്ള കലാരൂപം

By Web Desk  |  First Published Jan 7, 2025, 7:46 PM IST

ക്യാമ്പ് നടന്ന സ്കൂൾ പരിസരത്ത് നിന്നും തിരുവനന്തപുരം നഗരസഭയുടെ സഹായത്തോടെയും ശേഖരിച്ച വിവിധ തരം അജൈവ മാലിന്യങ്ങളാണ് കലാരൂപത്തിന്റെ അസംസ്കൃത വസ്തുക്കൾ.


തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെൻ എൻ.എസ്.എസ് യൂണിറ്റ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനുമായും ചേർന്ന് മാലിന്യത്തിൽ നിന്നും നിർമ്മിച്ചെടുത്ത മോഹിനിയാട്ട കലാരൂപം. പ്രധാന വേദിയുടെ കവാടത്തിനടുത്തുള്ള നഗരസഭയുടെ സെൽഫി പോയിന്റിന് അനുബന്ധമായി സ്ഥാപിച്ചിരിക്കുന്ന ഈ കലാരൂപം വിദ്യാർത്ഥിനികൾ അവരുടെ സപ്തദിന എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി പൂർണമായും അജൈവ മാലിന്യങ്ങളും പെയിന്റും മാത്രം ഉപയോഗിച്ചാണ് നിർമ്മിച്ചത്. 

ക്യാമ്പ് നടന്ന സ്കൂൾ പരിസരത്ത് നിന്നും തിരുവനന്തപുരം നഗരസഭയുടെ സഹായത്തോടെയും ശേഖരിച്ച വിവിധ തരം അജൈവ മാലിന്യങ്ങളാണ് കലാരൂപത്തിന്റെ അസംസ്കൃത വസ്തുക്കൾ. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന ഈ കലാരൂപം പൂർണതയിൽ എത്തിക്കുന്നതിനായി ഉപയോഗശൂന്യമായ ബെഞ്ച്, ചില്ലുകുപ്പി, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബാനറുകൾ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ബെഞ്ച് ഉപയോഗിച്ച് അടിത്തറ ബലപ്പെടുത്തി, ശരീര ഭാഗങ്ങൾ തെർമോകോളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് രൂപപ്പെടുത്തി. 

Latest Videos

മോഹിനിയാട്ട കലാരൂപത്തിന്റെ കൈകൾ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടും ഉണ്ടാക്കി. ഉപയോഗ ശൂന്യമായ ബാനർ ആണ് വസ്ത്രത്തിനായി ഉപയോഗിച്ചത്. ആഭരണങ്ങളിൽ പ്ലാസ്റ്റിക് കുപ്പിയുടെ അടിവശം ഉപയോഗിച്ച് അരപ്പട്ടയും, സോഡ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് കാശി മാലയും, ചില്ലുകൾ ഉപയോഗിച്ച് പാലക്ക  മാലയും , പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് കമ്മലും ചെയ്തെടുത്തു .ബാനറിൽ കുപ്പിച്ചില്ലും തെർമോകോളും ഉപയോഗിച്ച് മനോഹരമായ നെറ്റിച്ചുട്ടിയും കുട്ടികളുണ്ടാക്കി. 

തിരുവനന്തപുരം കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ, കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ശ്രീജിത്ത് എസ്, സീന കെ.ആർ, കേരള ഖരമാലിന്യ പദ്ധതി തിരുവനന്തപുരം ജില്ലാ പദ്ധതി നിർവ്വഹണ യൂണിറ്റ്, തിരുവനന്തപുരം നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതി നിർവ്വഹണ യൂണിറ്റ് തുടങ്ങിയവരുടെ സഹകരണം കൊണ്ടാണ് ഈ രൂപം മനോഹരമാക്കാനായതെന്ന് എൻ.എസ്.എസ് പ്രോഗ്രാം യൂണിറ്റിനെ പ്രതിനിധീകരിച്ചു കൊണ്ട് റിയ എം.ആർ, അഭിരാമി എന്നിവർ വ്യക്തമാക്കി.

Read More :  മാനദണ്ഡങ്ങൾ പാലിച്ചില്ല, 21 സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്; 291 സ്ഥാപനങ്ങൾക്ക് നോട്ടീസയച്ചു

click me!