പഠിച്ച സ്കൂളിനിട്ട് തന്നെ പണി! പഴയത് ആർക്ക് വേണം, 'ബ്രാൻഡ് ന്യൂ' നോക്കി പൊക്കി, ലാപ്ടോപ് കള്ളന്മാ‍ർ കുടുങ്ങി

By Web Team  |  First Published Jul 9, 2024, 4:19 PM IST

അറുപതിനായിരം രൂപ വീതം വിലവരുന്ന ലാപ്ടോപ്പുകളാണ് കാണാതായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസിൽ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കൂടൽ പൊലീസ്


പത്തനംതിട്ട: പത്തനംതിട്ട മാങ്കോട് സർക്കാർ സ്കൂളിലെ ലാപ്ടോപ്പ് മോഷണത്തിൽ പൂർവ വിദ്യാർത്ഥികളായ രണ്ടു പേർ പിടിയിൽ. തൻസീർ, അച്ചു എന്നിവരെയാണ് കൂടൽ പൊലീസ് പിടികൂടിയത്. അഭിലാഷ് എന്ന പ്രതിക്കായി അന്വേഷണം തുടരുകയാണ്. മോഷണം പോയതിൽ നാല്  ലാപ്ടോപ്പുകൾ കൂടൽ പൊലീസ് വീണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ  ആറ് ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. 
സ്കൂളിൽ മോഷണശ്രമം നടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കൂടൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇക്കഴിഞ്ഞ 27 ആം തീയതിയാണ് സ്കൂളിൽ മോഷണശ്രമമുണ്ടായത്. അതെതുടർന്നുള്ള പരിശോധനയിലാണ് ഓഫീസ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പുതിയ ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. കൈറ്റ് പദ്ധതിയിൽ കിട്ടിയ ലാപ്ടോപ്പുകളാണ് അപ്രത്യക്ഷമായത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എട്ട് ലാപ്ടോപ്പുകൾ ഓഫീസിൽ തന്നെയുണ്ടായിരുന്നു. അതെടുക്കാതെ പുതിയവ മാത്രം കാണാതായതിൽ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു.
 
ലാപ്ടോപ്പുകൾ പൂട്ടിവെച്ചിരുന്ന അലമാരയുടെ താക്കോലും സ്കൂളിൽ തന്നെയുണ്ടായിരുന്നു. താക്കോൽ ഉപയോഗിച്ച് തുറന്ന് ഇവ എടുത്തു കൊണ്ടുപോയെന്ന് ആദ്യ പരിശോധനയിൽ തന്നെ പൊലീസിന് ബോധ്യമായി. അറുപതിനായിരം രൂപ വീതം വിലവരുന്ന ലാപ്ടോപ്പുകളാണ് കാണാതായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസിൽ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കൂടൽ പൊലീസ്. എന്തായാലും കള്ളന്മാർ കുടുങ്ങിയതിന്റെ ആശ്വാസത്തിലാണ് നാട്. 

Latest Videos

ജൂലൈ 12, ലോകം കേരളത്തിലേക്ക് ഉറ്റുനോക്കുന്നു; സാൻ ഫെർണാണ്ടോ എത്തും, സ്വീകരിക്കാൻ മുഖ്യമന്ത്രി; വൻ വരവേൽപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!