സ്പെയർ പാർട്സുകളും ആവശ്യത്തിന് ജീവനക്കാരുമില്ല; കട്ടപ്പുറത്തും വഴിയിൽ നിന്നും ഇടുക്കിയിലെ കെഎസ്ആര്‍ടിസി ബസുകൾ

By Web TeamFirst Published Oct 10, 2024, 1:03 PM IST
Highlights

വൈക്കം, ചേലച്ചുവട് റൂട്ടിലോടുന്ന ബസുകള്‍ മിക്ക ദിവസവും പണിമുടക്കുന്നതായി യാത്രക്കാര്‍. ബ്രേക്ക് ഡ്രം, സ്ലാക്ക് അഡ്ജസ്റ്റര്‍ എന്നിവയ്ക്കാണ് ഏറ്റവും ക്ഷാമം.

ഇടുക്കി: ബസുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ സ്പെയര്‍ പാര്‍ട്സുകളും മെക്കാനിക്കല്‍ ജീവനക്കാരുമില്ലാതെ ഇടുക്കിയിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രതിസന്ധിയില്‍. ഇതിനാൽ തൊടുപുഴ ഉള്‍പ്പെടെ ജില്ലയിലെ പല ഡിപ്പോകളിലും സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ബസുകള്‍ കട്ടപ്പുറത്താകുന്നതോടെ പല റൂട്ടുകളിലും യാത്രക്കാർ ദുരിതത്തിലാണ്. 

ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതും ടയര്‍ പൊട്ടിയതുമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. തൊടുപുഴ ഡിപ്പോയില്‍ മുന്‍പ് 56 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 48 ഷെഡ്യൂളുകളാണ് നടത്തുന്നത്. ആകെ 55 ബസുകളാണ് ഡിപ്പോയിലുള്ളത്. വൈക്കം, ചേലച്ചുവട് റൂട്ടിലോടുന്ന ബസുകള്‍ മിക്ക ദിവസവും പണിമുടക്കുന്നതായി യാത്രക്കാര്‍ പറയുന്നു. ബ്രേക്ക് ഡ്രം, സ്ലാക്ക് അഡ്ജസ്റ്റര്‍ എന്നിവയ്ക്കാണ് ഏറ്റവും ക്ഷാമം. ഹൈറേഞ്ച് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പ്രധാനമായും ഇവയുമായി ബന്ധപ്പെട്ട തകരാറുകളാണ് ഉണ്ടാകാറുള്ളത്.  

Latest Videos

സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലാത്തതിനാല്‍ എന്‍ജിന്‍  തകരാറിലായി കിടക്കുന്ന ഏതെങ്കിലും ബസില്‍ നിന്ന് സ്പെയര്‍ പാര്‍ട്സ് എടുത്ത് മാറ്റിയിട്ടാണ് അടിയന്തര ഘട്ടങ്ങളില്‍ താത്ക്കാലികമായി പ്രശ്നം പരിഹരിക്കുന്നത്. മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവും ടയര്‍ ക്ഷാമവും ഡിപ്പോയെ അലട്ടുന്നുണ്ട്.

പലയിടത്തും മെക്കാനിക്കിന്റെ കുറവ്

കട്ടപ്പന ഉൾപ്പെടെയുള്ള പല ഡിപ്പോയിലും മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതിനാല്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. മുന്‍പ് 18 മെക്കാനിക്കല്‍ ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. നിലവില്‍ 12 പേര്‍ മാത്രമാണുള്ളത്. അതില്‍ ഒരാള്‍ രോഗ  ബാധിതനായി ചികിത്സയിലായതിനാല്‍ 11 പേരുടെ സേവനമേ ലഭിക്കുന്നുള്ളൂ. സ്പെയര്‍ പാര്‍ട്സുകള്‍ എത്തിയാലും ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാറില്ല. നേരത്തെ റാംപ് സൗകര്യം ഉണ്ടായിരുന്നെങ്കിലും 2018ലെ പ്രളയകാലത്ത് വര്‍ക്ഷോപ്പിനു മുകളില്‍ മണ്ണിടിഞ്ഞു വീണപ്പോള്‍ അതു നശിച്ചു. പകരം റാംപ് നിര്‍മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആറു വര്‍ഷമായിട്ടും നടപടി ഉണ്ടായിട്ടില്ല.

സ്പെയര്‍ പാര്‍ട്സുകളില്ല

ഒരു വര്‍ഷമായി  മൂന്നാര്‍ ഡിപ്പോയില്‍ സ്പെയര്‍ പാര്‍ട്സുകളുടെ കുറവ് പതിവായിരിക്കുകയാണ്. ആലുവയിലുള്ള റീജണല്‍ വര്‍ക് ഷോപ്പിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡിപ്പോ എന്‍ജിനീയര്‍ നല്‍കുമെങ്കിലും ടയര്‍ ഒഴികെയുള്ള യന്ത്ര ഭാഗങ്ങള്‍ വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ 30 സര്‍വീസുകളാണ് മൂന്നാര്‍ ഡിപ്പോയില്‍ നിന്നു ദിവസവും സര്‍വീസ് നടത്തുന്നത്.
 
പഴക്കം ചെന്ന ബസുകള്‍

പഴക്കം ചെന്ന ബസുകളാണ് മൂലമറ്റത്ത് നിന്ന് വാഗമണ്‍ റൂട്ടിലടക്കം സര്‍വീസ് നടത്തുന്നത്. സ്പെയര്‍ പാര്‍ട്സിന്റെ കുറവ് മൂലം വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാറില്ല.  ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. മുന്‍കാലങ്ങളില്‍ ബസുകള്‍ക്കാവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ ആവശ്യപ്പെടുന്നവ എത്തിച്ചു നല്‍കുകയാണ് പതിവ്. ഇതുമൂലം അറ്റകുറ്റപ്പണികള്‍ വൈകുന്നുണ്ട്. 

മൂലമറ്റം ഡിപ്പോയിലെ ബസുകളേറെയും കയറ്റിറക്കമുള്ള പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്നവയാണ്. മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് കുമളി ഡിപ്പോയിലെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബ്രേക്ക് ഡ്രം ഒഴികെ ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകളുണ്ടെങ്കിലും ഇവ മാറ്റിയിടാന്‍ ആവശ്യമായ മെക്കാനിക്കുകള്‍ ഡിപ്പോയില്‍ ഇല്ല. നിലവില്‍ 10 മെക്കാനിക്കുകളുടെ കുറവാണുള്ളത്. കൂടാതെ ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ബസുകള്‍ കുമളിയില്‍ നിന്നു സര്‍വീസ് ആരംഭിക്കേണ്ടിവരും. എന്നാല്‍ ക്രമീകരണങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. 

പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ; വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്, അപമാനിക്കലാണത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!