ഗുരുവായൂരപ്പൻ കോളേജ് പിടിച്ചെടുത്ത് കെ എസ് യു, 28 വർഷത്തിന് ശേഷം എസ്എഫ്ഐക്ക് വൻ പരാജയം  

By Web Team  |  First Published Nov 1, 2023, 8:40 PM IST

എസ് എഫ് ഐ അപ്രമാദിത്വമുണ്ടായിരുന്ന സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷം കെ എസ് യൂ യൂണിയൻ പിടിച്ചു. മുഴുവൻ ജനറൽ സീറ്റുകളിലും കെ എസ് യു വൻ വിജയം നേടി.


കോഴിക്കോട് : കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുന്നേറ്റവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന കെ എസ് യു. എസ് എഫ് ഐ അപ്രമാദിത്വമുണ്ടായിരുന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷം കെ എസ് യു യൂണിയൻ നേടി. മുഴുവൻ ജനറൽ സീറ്റുകളിലും കെ എസ് യു വൻ വിജയം നേടി. സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലും കെ എസ് യു യൂണിയൻ നേടി. ഒരു ജനറൽ സീറ്റ് എസ് എഫ് ഐ നേടി. എസ് എന്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ചേളന്നൂരിലും കെ എസ് യു യൂണിയന്‍ നേടി. പതിവ് തെറ്റിക്കാതെ മലബാർ ക്രിസ്ത്യൻ കോളേജ് എസ് എഫ് ഐക്ക് ഒപ്പം നിന്നു. ഒരു ജനറൽ സീറ്റാണ് ക്രിസ്ത്യൻ കോളേജിൽ കെ എസ് യുവിന് ലഭിച്ചത്.

കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, മീഞ്ചന്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയന്‍ നില നിര്‍ത്തി. 25 ഓളം കോളേജുകളില്‍ തനിച്ച് മത്സരിച്ച് വിജയിച്ചതായി എം എസ് എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി അറിയിച്ചു. മേപ്പയ്യൂര്‍ സലഫി കോളേജ്, മുക്കം എം എ എം ഓ കോളേജ്,കാപ്പാട് ഇലാഹിയ കോളേജ് എന്നിവിടങ്ങളില്‍ എം എസ് എഫിനാണ് വിജയം. കെ എസ് യു-എം എസ് എഫ് സഖ്യം 14 കോളേജുകളില്‍ യൂണിയന്‍ നേടി. 

Latest Videos

വിക്ടോറിയ പിടിച്ച് കെ എസ് യു 

പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷം കെ എസ് യു യൂണിയൻ പിടിച്ചെടുത്തു. ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ ഉൾപ്പെടെ കെഎസ്‌യു വിജയിച്ചു. പട്ടാമ്പി ഗവ. കോളേജിൽ 42 വർഷത്തിനു ശേഷം കെഎസ്‌യുവിന് യൂണിയൻ ലഭിച്ചു. നെന്മാറ എൻഎസ്എസ് കോളേജിലും കെഎസ്‌യു വിജയക്കൊടി നാട്ടി. ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, തൃത്താല ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു ആധിപത്യം പുലർത്തി. ഇതാദ്യമായാണ് ഈ കോളേജുകളിൽ  കെഎസ്‌യു മുന്നിലെത്തുന്നത്. മണ്ണാർക്കാട് എംഇഎസിൽ ആറിൽ നിന്നും പതിനെട്ടിലേക്ക് കെഎസ്‌യു സീറ്റ് നില ഉയർത്തി. അതെ സമയം ചിറ്റൂർ കോളേജ് എസ്എഫ്ഐ നിലനിർത്തി.  

മലപ്പുറത്ത് എം എസ് എഫിന് വൻ മുന്നേറ്റം

കാലിക്കറ്റ് സർവകശാല യൂണിയൻ  തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എം എസ് എഫിന് വൻ മുന്നേറ്റം. 52 വർഷങ്ങൾക്കുശേഷം മഞ്ചേരി എൻഎസ്എസ് കോളേജിൽ എംഎസ്എഫ് യൂണിയൻ ഭരണം തിരിച്ചു പിടിച്ചു. പെരിന്തൽമണ്ണ ഗവൺമെൻറ് കോളേജിൽ പത്തു വർഷങ്ങൾക്കുശേഷമാണ് എംഎസ്എഫ് പാനൽ പിടിക്കുന്നത്. മലപ്പുറം ഗവ: കോളേജ് ,കൊണ്ടോട്ടി ഗവ: കോളേജ് ,നിലമ്പൂർ ഗവ: കോളേജ് ,തവനൂർ ഗവ: കോളേജ്, മലപ്പുറം വനിതാ ഗവ: കോളേജ് , എന്നിവിടങ്ങളിൽ ശക്തമായ ആധിപത്യം എംഎസ്എഫ് നിലനിർത്തി. ശക്തമായ മത്സരം നടന്ന കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ എംഎസ്എഫ് ഭരണ നിലനിർത്തി. തിരൂർ ഗവൺമെൻറ് കോളേജിൽ എസ്എഫ്ഐ പാനൽ ഭരണം തിരിച്ചുപിടിച്ചു. 

click me!