ഇനി ആനവണ്ടിയിൽ കോഴിക്കോട് നഗരം ചുറ്റാം, ചരിത്രമറിയാം

By Web Team  |  First Published Feb 1, 2023, 10:57 PM IST

കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. 


കോഴിക്കോട്:  കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി. 'കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര' എന്ന പേരിൽ ആരംഭിച്ച ബസ് സർവീസ് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു. ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കാനാകുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു . 

മലബാറിനെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട്. കാപ്പാട് പോലെയുള്ള ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം ബസ് സർവീസുകൾ നടത്തിയാൽ കൂടുതൽ ഉചിതമായിരിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും കലക്ടർ പറഞ്ഞു.  വിദ്യാർത്ഥികൾക്കൊപ്പം ജില്ലാ കലക്ടറും ആനവണ്ടിയിൽ നഗരം ചുറ്റി.  

Latest Videos

കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200 ഓളം ട്രിപ്പുകൾ ആണ് കോഴിക്കോട് ജില്ലയിൽ നടത്തുന്നത്. ചരിത്രപരമായ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ദിവസവും ഒരു ബസ് സർവീസാണുണ്ടാവുക. 200 രൂപയായിരിക്കും ചാർജ്. ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ നഗരം ചുറ്റി കാണാം. 30 വയസ്സുമുതൽ 80  വയസ്സുവരെയുള്ളവർ പങ്കെടുത്തുകൊണ്ടാണ് വ്യാഴാഴ്ചത്തെ യാത്ര. 'കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര'യിൽ പോകാൻ ആഗ്രഹിക്കുന്നവർ 9846100728, 9544477954 എന്നെ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം.

കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനെറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്‌കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി,  മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് കടന്നുപോകുന്നത്. കോഴിക്കോട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ.യൂസഫ് , കെഎസ്ആർടിസി ജില്ലാ ഓഫീസർ പി.കെ പ്രശോഭ്, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപകൻ അബ്ദുറഹിമാൻ, ഉദ്യോഗസ്ഥർ, കെഎസ്ആർടിസി അംഗീകൃത ട്രെഡ് യൂണിയൻ പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബി ടി സി ജില്ലാ കോർഡിനേറ്റർ പി.കെ ബിന്ദു സ്വാഗതവും ബി എം എസ് നോർത്ത് സോൺ കോർഡിനേറ്റർ ബിനു. ഇ എസ് നന്ദിയും പറഞ്ഞു.

Read Also: 30 ശതമാനം പലിശക്ക് പണം നല്‍കും, മുടങ്ങുമ്പോൾ ഭീഷണി; തൊടുപുഴയിൽ 45കാരൻ അറസ്റ്റിൽ, മ്ലാവിന്‍റെ കൊമ്പും പിടികൂടി

tags
click me!