മീറ്റര്‍ റീഡിങിൽ പിഴവ്, ഭീമമായ ബിൽ; എന്നിട്ടും ഫ്യൂസൂരാൻ കെഎസ്ഇബിക്ക് തിടുക്കം, പ്രതിഷേധം

By Web Team  |  First Published Dec 24, 2023, 6:37 AM IST

തൊടുപുഴ നമ്പർ വൺ സെക്ഷനു കീഴിലെ ഉപഭോക്താക്കൾക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി കിട്ടിയത്. 30,000 മുതല്‍ 60,000 രൂപ വരെയാണ് പലര്‍ക്കും വൈദ്യുതി ബിൽ വന്നത്


തൊടുപുഴ: മീറ്റർ റീഡിംഗിലെ പിഴവിനെ തുടർന്ന് ഭീമമായ ബിൽ ലഭിച്ച ഉപഭോക്താക്കളുടെ ഫ്യൂസൂരാൻ തിടുക്കം കാട്ടി കെഎസ്‌ഇബി. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥർക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ബില്ലടയ്ക്കാത്തവരുടെ ഫ്യൂസ് ഊരാനുള്ള നീക്കത്തിലാണ് ഇപ്പോൾ ജീവനക്കാര്‍. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

തൊടുപുഴ നമ്പർ വൺ സെക്ഷനു കീഴിലെ ഉപഭോക്താക്കൾക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി കിട്ടിയത്. 30,000 മുതല്‍ 60,000 രൂപ വരെയാണ് പലര്‍ക്കും വൈദ്യുതി ബിൽ വന്നത്. ഉപഭോക്താക്കൾ പരാതിയുമായി കെഎസ്ഇബിയെ സമീപിച്ചു. പരിശോധനയിൽ മീറ്റർ റീഡിംഗിലെ പിഴവാണ് ബിൽ തുക കൂടാൻ കാരണമെന്ന് കെഎസ്ഇബി തന്നെ കണ്ടെത്തി. തുക പുനഃക്രമീകരിച്ച് നൽകാതെ വന്നതോടെ 17 പേർ കോടതിയെ സമീപിച്ചു. ഇതിനിടെ കണക്ഷൻ വിച്ഛേദിക്കാനുള്ള കെഎസ്ഇബിയുടെ നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

Latest Videos

undefined

പ്രശ്നം ചർച്ച ചെയ്യാൻ പരാതിക്കാരും പോലീസും കെഎസ്ഇബി അധികൃതരും മുനിസിപ്പൽ ചെയർമാന്റെ ചേംബറിൽ ചേർന്ന യോഗവും തീരുമാനമാകാതെ പിരിഞ്ഞു. മുന്നൂറോളം ഉപഭോക്താക്കൾ പരാതിയുമായെത്തിയതോടെ കരാർ ജീവനക്കാരനെ കെഎസ്ഇബി പിരിച്ചു വിട്ടു. ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻന്റും ചെയ്തു. വീഴ്ച പറ്റിയെങ്കിലും നിയമ നടപടികളുമായി മുമ്പോട്ട് പോകാനാണ് കെഎസ്ഇബിയുടെ തീരുമാനം. നടപടി ഭയന്ന് ചിലർ തുക മുഴുവനും അടച്ചു. മറ്റ് ചിലർ തവണകളായി അടക്കാമെന്ന് ഉറപ്പും നൽകി. സംഭവത്തിന് ശേഷം പലർക്കും വൈദ്യുതി ബിൽ കിട്ടുന്നുമില്ല.

Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

click me!